Asianet News MalayalamAsianet News Malayalam

വനിതാ കമ്മീഷന്‍ നേരും നെറിയും കാണിക്കണം ,കെ എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്ന് രമേശ് ചെന്നിത്തല

ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സിപിഎം ഓർത്താൽ കൊള്ളാമെന്നും ചെന്നിത്തല പറഞ്ഞു

case against km shaji by women commision is politically motivated- ramesh chennithala
Author
First Published Sep 25, 2023, 2:39 PM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പരാമര്‍ശത്തില്‍ കെ. എം. ഷാജിക്ക് എതിരെ കേസെടുത്ത വനിതാ കമീഷന്‍ നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമർശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകൾക്ക് എതിരുമാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മന്ത്രിയുടെ ഭാഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സി പി എമ്മിന്‍റെ പകപോക്കലിന്‍റെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഇല്ലെന്നു പ്രസംഗിച്ചത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കൽ ആവുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ശാരീരികപീഡനത്തിനും സൈബർ ആക്രമണത്തിനും വനിതകളും പെൺകുട്ടികളും ഇരയാകുമ്പോൾ ഉറങ്ങുന്ന കമ്മിഷൻ ഷാജിക്കെതിരെ  കേസെടുത്തതിന്‍റെ ചേതോവികാരം സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും. വാളയാർ സംഭവം മുതൽ ഉമ്മൻ ചാണ്ടിയുടെ പെണ്‍മക്കളെ വേട്ടയാടിയതുവരെയുള്ള നിരവധി വിഷയങ്ങളിൽ കമ്മിഷൻ നോക്കുകുത്തിയായ എത്രയോ സംഭവങ്ങൾ ഉണ്ട്. കമ്മീഷൻ രാഷ്ട്രീയമായി അധ:പതിക്കാതെ കുറച്ചെങ്കിലും നേരും നെറിയും കാണിക്കണം. ഇത്തരം വേട്ടയാടലുകൾ കൊണ്ട് ഭയപ്പെടുന്നയാളല്ല ഷാജിയെന്ന് സിപിഎം ഓർത്താൽ കൊള്ളാമെന്നും ചെന്നിത്തല പറഞ്ഞു.


വിഷയത്തില്‍ നേരത്തെ കെ.എം ഷാജിയെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, എം.കെ. മുനീര്‍ എം.എല്‍.എ, കെ.പി.എ മജീദ്, പി.കെ. അബ്ദുറബ്ബ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസമാണ് വനിതാ കമ്മീഷന്‍ ഷാജിക്കെതിരെ കേസെടുത്തത്. മന്ത്രി വീണ ജോര്‍ജിനെതിരെ ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്.  തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന് വരേണ്ടതുണ്ടെന്നും കമ്മീഷൻ പറഞ്ഞിരുന്നു. അതേസമയം, കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. 
 

Follow Us:
Download App:
  • android
  • ios