കണ്ണൂർ: പാനൂരിൽ വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ തെങ്ങ് റോഡിൽ നിന്ന് നീക്കാതെ ഗൃഹനാഥന്‍റെ മരണത്തിനിടയാക്കിയ സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് എതിരെ കേസ്. പാനൂർ പൊലീസാണ് കേസെടുത്തത്. രാത്രിയിൽ തെങ്ങ് കടപുഴകി വീണതറിഞ്ഞ് എത്തിയ കെഎസ്ഇബി ജീവനക്കാർ ലൈൻ ഓഫ് ചെയ്ത ശേഷം തെങ്ങ് നീക്കാതെ മടങ്ങുകയായിരുന്നു.  റോഡിന് കുറുകെ കിടന്ന ഈ തെങ്ങിൽ ബൈക്കിടിച്ചാണ് പൂക്കോം സ്വദേശി സതീഷ് മരിച്ചത്. 

ഇന്നലെ രാത്രിയിൽ കടപുഴകി വീണ തെങ്ങ് റോഡിൽ നിന്ന് നീക്കാത്തതാണ് സതീഷിന്‍റെ മരണത്തിനിടയാക്കിയത്.  കെഎസ്ഇബി ജീവനക്കാരെത്തി രാത്രിയിൽ തന്നെ ലൈൻ ഓഫ് ചെയ്ത് പോസ്റ്റ് അടക്കമുള്ളവ വശത്തേക്ക് നീക്കിയിട്ട് മടങ്ങി. പക്ഷെ തെങ്ങ് റോഡിൽ നിന്ന് നീക്കിയിരുന്നില്ല. പുലർച്ചെ ബൈക്കിൽ ജോലിക്ക് പോയ സതീഷ് റോഡിന് കുറുകെ കിടന്ന തെങ്ങിൽ തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം നാട്ടുകാരാണ് തെങ്ങ് റോഡിൽ നിന്ന് നീക്കിയത്. 

സംഭവത്തെത്തുടർന്ന് വലിയ പ്രതിഷേധമുണ്ടായി. കെഎസ്ഇബി ജീവനക്കാരിൽ നിന്ന് അനാസ്ഥയുണ്ടായെന്ന് വ്യക്തമായ ശേഷമാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്. രാത്രിയിൽ തന്നെ രണ്ട് ജീവനക്കാരെത്തി മണിക്കൂറുകൾ പണിപ്പെട്ടാണ് തടസ്സങ്ങൾ നീക്കിയതെന്നും, എന്നാൽ  തെങ്ങ് മുറിച്ചു നീക്കാൻ ഇവരെക്കൊണ്ട് കഴിയുമായിരുന്നില്ലെന്നുമാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. പകരം റോഡിൽ ബാരിക്കേഡ് കെട്ടി സുരക്ഷ ഒരുക്കിയിരുന്നു എന്നും  കെഎസ്ഇബി വിശദീകരിക്കുന്നു. എന്നാൽ ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളെ അറിയിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.