കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ കണ്ണൂരില്‍ തടഞ്ഞ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഇന്നലെ കണ്ണൂരിലെത്തിയ യെദിയൂരപ്പയെ  കണ്ണൂർ നഗരത്തിൽ വെച്ചും  പഴയങ്ങാടിയിലും വെച്ചും എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ  വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു തിരിച്ച കർണാടക മുഖ്യമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ആദ്യം കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാട്ടി.  പിന്നീട് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ യെദിയൂരപ്പയെ മാടായിക്കാവിലേക്കുള്ള യാത്രക്കിടെ കണ്ണൂർ കാള്‍ടെക്സില്‍ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു. എന്നാൽ പ്രവർത്തകരെ പെട്ടെന്ന് പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് പഴയങ്ങാടിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാണിക്കാനെത്തി.  ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുപ്പതോളം എസ്എഫ്ഐ പ്രവർത്തകരെത്തിയതും വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചതും. തുടര്‍ന്ന് കണ്ണൂരിൽ തങ്ങാനുള്ള തീരുമാനം മാറ്റി ഇന്നലെ തന്നെ യെദിയൂരപ്പ മംഗലാപുരത്തേക്ക് തിരിച്ചിരുന്നു.