കല്‍പ്പറ്റ: സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതിനിടെ കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാളാട് കൂടംകുന്നില്‍ കുന്നേത്ത് വീട്ടില്‍ അബ്ദുള്‍ റഷീദ് (35) നെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി തലപ്പുഴ പൊലീസ് കേസെടുത്തത്. 

കൊവിഡ് പരിശോധനക്ക് പോകരുതെന്നും ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്നുമുള്ള സന്ദേശങ്ങള്‍ ഫേസ്ബുക്, വാട്‌സ് ആപ് എന്നീ സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 ശബ്ദസന്ദേശത്തിലൂടെയാണ് വാട്ട്സ് ആപ്പിലൂടെ ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. പൊതുജനസുരക്ഷക്കും  ഭംഗം വരുത്തുന്ന തരത്തില്‍ ശബ്ദ സന്ദേശം അയക്കല്‍, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.