തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിതവേഗത്തിൽ കാറോടിച്ച് ഹോംഗാർഡിനെ ഇടിച്ചിട്ട പൊലീസുകാരനെതിരെ കേസെടുത്തു. പേരൂർക്കട എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥൻ കൃഷ്ണമൂർത്തിക്കെതിരെയാണ് കേസെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോംഗാർഡ് അനിൽകുമാറിനെയാണ് എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥൻ കൃഷ്ണമൂർത്തി ഓടിച്ച കാർ ഇടിച്ചിട്ടത്. 

പേരൂർക്കട എസ്എപി ക്യാമ്പിന് സമീപത്തായിരുന്നു അപകടം. അപകടശേഷം കാർ ഉപേക്ഷിച്ച് കൃഷ്ണമൂർത്തി ക്യാമ്പിലേക്ക് ഓടി രക്ഷപ്പെട്ടു. അപകടമുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. പരിക്കേറ്റ ആൾ പരാതി നൽകാത്തതിനാലാണ് കേസെടുക്കാത്തതെന്നായിരുന്നു നേരത്തെ പേരൂർക്കട പൊലീസിന്‍റെ വിശദീകരണം. പിന്നീട് ചികിത്സയിൽ കഴിയുന്ന ഹോംഗാർഡ് അനിൽകുമാറിന്‍റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. അപകടകരമായി വാഹനം ഓടിച്ചത് ഉൾപ്പെടെയുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.