കൊല്ലം: കൊവിഡ് രോഗ പകര്‍ച്ചയും ലോക്ക് ഡൗണും കശുവണ്ടി വ്യവസായ മേഖലയെയും സാരമായി ബാധിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ മേഖലക്കുണ്ടായിരിക്കുന്നത്. കയറ്റുമതി നിലച്ചതോടെ പല ഫാക്ടറികളും പൂട്ടിപ്പോകും എന്ന അവസ്ഥയിലാണ്.

സംസ്ഥാനത്ത് നിന്ന് പല ഗ്രേഡിലുളള കശുവണ്ടി പരിപ്പുകള്‍ ഇവിടെ നിന്ന് കയറ്റി അയക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലും വില്‍ക്കുന്നുണ്ട്. എന്നാല്‍ ലോക രാജ്യങ്ങളില്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം കയറ്റി അയച്ച പരിപ്പുകള്‍ ഇതുവരെ ഇറക്കാനായിട്ടില്ല. ഇവ തിരികെ കൊണ്ടുവരാനും ആകാത്ത സ്ഥിതിയിലാണ്. വാങ്ങാന്‍ ആളില്ലാത്തതിനാൽ ആഭ്യന്തര വിപണിയിലെ വില്‍പനയും നന്നേ കുറഞ്ഞു.

ആഫ്രിക്കൻ തോട്ടണ്ടി വാങ്ങിയാണ് കാപെക്സടക്കം സ്ഥാപനങ്ങള്‍ പരിപ്പ് തയാറാക്കിയിരുന്നത്. അതും നിലച്ചു. മെയ് ആദ്യവാരമെങ്കിലും വിപണിയിൽ തിരിച്ചുവരവ് നടത്താനായില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന ആശങ്കയിലാണ്.