കൊച്ചി: വൈറ്റില ജം​ഗ്ഷന് സമീപം മെട്രോ പില്ലറിൽ കുടുങ്ങിക്കിടന്ന് പീന്നീട് അ​ഗ്നിശമന സേനാം​ഗങ്ങളും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് ഇനി മുതൽ 'മെട്രോ മിക്കി' എന്നറിയപ്പെടും. സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (SPCA)അധികൃതരാണ് പൂച്ചക്ക് മെട്രോ മിക്കി എന്ന പേര് നൽകിയത്. ദിവസങ്ങളോളമാണ് അഞ്ച് മാസം പ്രായമുള്ള പൂച്ചക്കുഞ്ഞ് മെട്രോയുടെ തൂണുകൾക്കുള്ളിൽ കഴിച്ചുകൂട്ടിയത്. പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആളും ശബ്ദവുമെല്ലാം മിക്കിയെ അസ്വസ്ഥപ്പെടുത്താറുണ്ട്. പനമ്പിള്ളി ന​ഗറിലെ മൃ​ഗാശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് ഇപ്പോൾ മെട്രോ മിക്കി. 

ടാബി ഇനത്തിൽപ്പെട്ട പൂച്ചക്കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അതേസമയം വാർത്തകളിൽ ഇടം നേടിയ വൈറലായ പൂച്ചക്കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ച് നിരവധി പേർ എത്തുന്നുണ്ട്. പേവിഷ പ്രതിരോധം അടക്കമുള്ള കുത്തിവയ്പ്പുകള്‍ നൽകിയ ശേഷം മിക്കിയെ ദത്തു നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് എസ്പിസിഎ അധികൃതർ പറയുന്നത്. മെട്രോ മിക്കിയുടെ പൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മറ്റ് പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നൽകില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

വലിയ ക്രെയിനുകളും വലകളും സജ്ജമാക്കിയാണ് ഫയർഫോഴ്സ് പൂച്ചക്കുഞ്ഞിനെ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. പില്ലറുകൾക്ക് അകത്ത് പെട്ട് പോയ പൂച്ചയെ ചെറിയ വലക്ക് അകത്താക്കി പിടികൂടുക എന്നത് വളരെ ദുഷ്കരമായിരുന്നു. വൈറ്റിലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്സിന്‍റെ രക്ഷാ പ്രവര്‍ത്തനം നടന്നത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടിരുന്നു. മണിക്കൂറുകൾ പരിശ്രമിച്ചാണ് പൂച്ചയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സയും ഉറപ്പാക്കിയിരുന്നു.