Asianet News MalayalamAsianet News Malayalam

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു; സർക്കാരിന് വൻ തിരിച്ചടി

വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ്  എടുത്തിരിക്കുന്നത്. 

CBI inquiry into life mission case
Author
Thiruvananthapuram, First Published Sep 25, 2020, 3:57 PM IST

കൊച്ചി: സ്വർണക്കടത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രമാദമായ ഒരു കേസിൽ കൂടി കേന്ദ്ര ഏജൻസിയുടെ അന്വേഷണം. ഏറെ  രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 

ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. യൂനിടെക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ് (Sane Ventures) എന്നിവർക്കെതിരെയും തിരിച്ചറിയാനുള്ളവർക്കെതിരെയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂനിടെക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ്  എടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശസ്വയംഭരണമന്ത്രിയും ആരോപണം നേരിടുന്ന സംഭവത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. സ്വർണക്കടത്ത് കേസിൽ നിലവിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്. 
 

Follow Us:
Download App:
  • android
  • ios