തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്  നാല് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനായി സിബിഐ കോടതിയിൽ അപേക്ഷ നൽകി. ഇതിനെത്തുടർന്ന് വിഷ്ണു ,പ്രകാശ് തമ്പി , സോബി, അർജുൻ എന്നിവർക്ക് തിരുവനന്തപുരം സിബിഐ കോടതി നോട്ടീസ് അയച്ചു. ഈ മാസം 16 ന് നുണ പരിശോധനയിൽ നിലപാട് അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ബാലഭാസ്ക്കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ സിബിഐ കഴിഞ്ഞയിടയ്ക്കും ചോദ്യം ചെയ്തിരുന്നു. വിമാനത്താവളം വഴിയുള്ള സ്വർണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.

ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവൻ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബന്ധുവായ പ്രിയ വേണുഗോപാലിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്ക്കറിൻ്റെ മരണത്തിൽ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു.