കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസ് കോടതി അടിയന്തരമായി കേള്‍ക്കണമെന്ന് സിബിഐ. ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം. ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ സിബിഐ ഫയല്‍ ചെയ്തു. കേസ് തിങ്കളാഴ്‍ച പരിഗണിക്കും. സ്റ്റേ ഉള്ളതിനാല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ സർക്കാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും സിബിഐ അറിയിച്ചു. ലൈഫ് ഇടപാടിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. സുഗമമായ അന്വേഷണത്തിന് സ്റ്റേ  നീക്കണമെന്നും സിബിഐ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമർപ്പിച്ച ഹർജിയിലായിരുന്നു  സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല സ്റ്റേ. എഫ്സിആര്‍എ നിയമത്തിലെ വ്യവസ്ഥകളും സിബിഐ ലഭ്യമാക്കിയ രേഖകളും പരിശോധിക്കുമ്പോൾ ലൈഫ് മിഷനെ പ്രതിയാക്കിയ  നടപടി ന്യായീകരിക്കാൻ ആകില്ല.  ലൈഫ് മിഷൻ  വിദേശ പണം  നേരിട്ട്  കൈപ്പറ്റാത്ത സാഹചര്യത്തിൽ   അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നായിരുന്നു  കോടതി ഉത്തരവ്.