ദില്ലി: കൊവിഡ് ഇന്ത്യയെ കീഴടക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ ജാഗ്രത നിര്‍ദ്ദേശം. രോഗവ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ മെഡിക്കല്‍ സംവിധാനം വെല്ലുവിളി നേരിടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍  വെട്ടി ചുരുക്കാനുള്ള  നീക്കം തുടങ്ങി.

അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധയും മരണ നിരക്കുകളും കൂടുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ 84 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. 

കൊവിഡ് മരണങ്ങളുടെ ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ്  ഈ സംസ്ഥാനങ്ങളിലെ  ശരാശരി നിരക്ക്. ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്കുമാണ് കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ വെന്‍റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്.

കണ്ടൈയ്ന്‍മെന്‍റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് കേരളം വ്യക്തമാക്കി കഴിഞ്ഞു. ആഴ്ച അവസാനത്തിലും പൊതു അവധി ദിവസങ്ങളിലും ലോക്ക് ഡൗണ്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് പഞ്ചാബിന്‍റെ തീരുമാനം. ചെന്നൈ അടച്ചിടുന്നതിനെ കുറിച്ച് ആലോചിച്ചു കൂടെയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചിരിക്കുന്നു. സമ്പൂര്‍ണ്ണ നിയന്ത്രണം തിരികെ കൊണ്ടുവരാന്‍ ഝാര്‍ഖണ്ഡും ആലോചിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വെട്ടികുറക്കണമെന്ന ആവശ്യം ചില  സംസ്ഥാനങ്ങള്‍ ഇതിനോടകം  കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചുവെന്നാണ് സൂചന.