എല്ലാവരുടെയും കൂടെ എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യവുമായി സർക്കാർ അടുത്ത 25 കൊല്ലത്തെ വികസന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ല എന്ന സൂചന നൽകി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. പതിനാന്ന് കോടി കർഷകർക്ക് ഇതുവരെ കിസാൻ സമ്മാൻ നിധി നല്കിയെന്ന് വ്യക്തമാക്കി കർഷകരോഷം തണുപ്പിക്കാനും രാഷ്ട്രപതി ശ്രമിച്ചു. രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

എല്ലാവരുടെയും കൂടെ എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യവുമായി സർക്കാർ അടുത്ത 25 കൊല്ലത്തെ വികസന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി ഇതു തടയാനുള്ള നടപടികളാണ് സർക്കാർ എടുക്കുന്നത് ഹജ്ജയാത്രയ്ക്ക് പോകുന്ന സ്ത്രീകൾക്കുണ്ടായിരുന്ന തടസ്സങ്ങളും സർക്കാർ നീക്കി. സ്ത്രീ ശാക്തീകരണത്തിന് സർക്കാർ പ്രാമുഖ്യം നൽകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വിവാഹപ്രായം ഉയർത്താനുള്ള നിയമനിർമ്മാണം തുടങ്ങിയ കാര്യം നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞത്. 

രാഷ്ട്രപതിയുടെ പ്രസംഗം ബഹളത്തോടെയാണ് തുടങ്ങിയത്. തമിഴ്നാട്ടിൽ നീറ്റ് ഒഴിവാക്കാനുള്ള ബില്ലിൽ ഗവർണ്ണർ ഒപ്പു വയ്ക്കാത്തതിലായിരുന്നു പ്രതിഷേധം. കൊവിഡിനെതിരെ ഒരു ടീമായി രാജ്യം പോരാടിയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽ തയ്യാറാക്കിയ വാക്സീനുകൾ ലോകത്തെയാകെ മഹാമാരിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. 2,60,000 കോടി മുടക്കി സൗജന്യ ഭക്ഷ്യധാന്യം പാവപ്പെട്ടവർക്ക് വിതണം ചെയ്തു. പതിനൊന്ന് കോടി കർഷകർക്ക് കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ വീതം നല്കി. ഇന്ത്യ വീണ്ടും സാമ്പത്തി വികസനത്തിൻറെ പാതയിലെന്നും രാഷ്ട്രപതി പറഞ്ഞു. 

അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയ്ക്കിടയിലും നിരവധി പേരെ മടക്കിക്കൊണ്ടു വരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ സേനകൾക്കു വേണ്ട ഉപകരണങ്ങളിൽ എൺപതു ശതമാനവും രാജ്യത്തിനകത്ത് നിർമ്മിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. എന്നാൽ ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷം രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് തുടരുമ്പോൾ കർഷകരെ അനുനയിപ്പിക്കാനുള്ള സർക്കാർ നീക്കം കൂടിയായി രാഷ്ട്രപതിയുടെ പ്രസംഗം മാറി ഒപ്പം സാമ്പത്തികരംഗത്ത് ആത്മവിശ്വാസം ഉയർത്താനുള്ള ശ്രമവും പ്രസംഗത്തിൽ കാണാം.