Asianet News MalayalamAsianet News Malayalam

ദേശീയ പാത വികസനം; സ്ഥലമെടുപ്പ് നിർത്തിവെക്കണമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം

പ്രത്യേകമായി ഒരു കാരണവും വ്യക്തമാക്കാതെയാണ് കേരളത്തെ ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയത്. 

central government  and state government clash on  national highway  land acquisition
Author
Thiruvananthapuram, First Published May 5, 2019, 11:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിർത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് 
തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സർക്കാരിന് കത്തയച്ചത്. 

ദേശീയ പാത വികസനത്തിനായി കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവെക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് സംസ്ഥാന സർക്കാരിന് കേന്ദ്രം ഇത്തരമൊരു നിർദ്ദേശം നൽകിയത്.

എന്നാൽ പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി വരികയാണെന്നും ഈ ഘട്ടത്തിൽ സ്ഥലം ഏറ്റെടുപ്പ് നിർത്തിവെക്കാൻ കഴിയില്ലെന്നും മന്ത്രി കത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തെ ഒന്നാം മുൻഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സ‍ർക്കാർ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ, കോഴിക്കോട്, തുടങ്ങിയ ജില്ലകളിൽ  സ്ഥലം ഏറ്റെടുപ്പ് 80 ശതമാനത്തോളം പൂർത്തിയാക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിലും ഏതാണ്ട് 50 ശതമാനത്തോളം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിലും കാസർകോട്ടും സർക്കാരിന് സ്ഥലം നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക നൽകാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ കേരളത്തെ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് മാറ്റിയതോടെ സ്ഥലം ഏറ്റെടുപ്പിന് ശേഷവും സംസ്ഥാനത്തെ ദേശീയ പാത വികസനം നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് സർക്കാർ.

വലിയ പ്രതിസന്ധികളും പ്രാദേശിക പ്രതിഷേധങ്ങളും മറികടന്നാണ് സംസ്ഥാന സർക്കാർ കീഴാറ്റൂരിലേതടക്കം നിരവധി പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കിവരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുപ്പ് പൂ‍ർണമായി നിർത്തിവെക്കണമെന്ന കേന്ദ്ര ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സ‍ർക്കാർ.

പ്രത്യേകമായി ഒരു കാരണവും വ്യക്തമാക്കാതെയാണ് കേരളത്തെ ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറ്റിയത്. നേരെത്തെ സ്ഥലം ഏറ്റെടുപ്പിനുള്ള തുക സംബന്ധിച്ച് ദേശീയ പതാ വികസന അതോറിറ്റിയും സംസ്ഥാന സർക്കാരും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു.


വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുഖ്യമന്ത്രിയുടെ ഓഫീസ് സമീപിക്കും.കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്. കേരളത്തെയും കർണാടകയെയും മാത്രമായി രണ്ടാം മുനഗണനാ പട്ടികയിലേക്ക് മാറ്റിയതാണ് ഇത്തരമൊരു ആരോപണത്തിന്‍റെ അടിസ്ഥാനം.

സംസ്ഥാനത്തെ ദേശീയപാത വികസനം ഇടത് സര്‍ക്കാരിന്‍റെ കാലത്ത് തന്നെ  പൂര്‍ത്തിയാക്കാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍ നേരെത്തെ ആരോപിച്ചിരുന്നു. പദ്ധതി കേന്ദ്ര സർക്കാർ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ദേശീയ പാത വികസനത്തിന്‍റെ രണ്ടാം മുൻഗണന പട്ടികയിലേക്ക് മാറിയതോടെ ദേശീയ പാതാ വികസനം ഇനിയും നീണ്ടുപോകുമെന്ന ആശങ്കയിലാണ് സംസ്ഥാനം.       

Follow Us:
Download App:
  • android
  • ios