Asianet News MalayalamAsianet News Malayalam

കൊച്ചി വാട്ടർ മെട്രോയ്ക്ക് അനുമതി; കായലുകളുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ നിര്‍മ്മാണം നടത്താം

 78 കിലോമീറ്ററിൽ വ്യാപിക്കുന്ന ജലമെട്രോയ്ക്കായി ആദ്യ ഘട്ടം 16 സ്റ്റേഷനുകളാകും തയ്യാറാക്കുക. കൊച്ചിൻ ഷിപ്പ് യാർഡിലാണ് പരിസ്ഥിതി സൗഹാർദ്ദ ബോട്ടുകൾ തയ്യാറാക്കുന്നത്.

central government permission for kochi water metro
Author
Kochi, First Published Oct 12, 2019, 5:49 PM IST

കൊച്ചി: കൊച്ചി വാട്ടർ മെട്രോയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പുഴകളുടെയും കായലുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെ ടെർമിനൽ നിർമ്മാണം നടത്താനാണ് അനുമതി. പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണം ഉറപ്പാക്കുമെന്ന് കെഎംആര്‍എല്‍ എംഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. 
 
15 വ്യത്യസ്ഥ റൂട്ടുകളിൽ 38 ടെർമിനലുകളാണ് വാർട്ടർ മെട്രോയ്ക്കായി പണികഴിപ്പിക്കേണ്ടത്. വൈറ്റിലയും ഹൈക്കോടതി ഭാഗത്തും ടെർമിനൽ നിർമ്മാണം ഇതിനകം തുടങ്ങിയെങ്കിലും ചില റൂട്ടിൽ സിആർഇസെഡ് നിയമത്തിലെ പ്രശനങ്ങൾ കാരണം നിർമ്മാണം തുടങ്ങാനായിരുന്നില്ല. തുടർന്നാണ് വാട്ടർ മെട്രോയുടെ നടത്തിപ്പ് ചുമതലയുള്ള കെഎംആർ‍എൽ വിശദമായ റിപ്പോർ‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയത്. 

കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിറ്റിയും പദ്ധതിയ്ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിൽ ശുപാർശ നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ അംഗീകരിച്ചാണ് അനുമതി നൽകിയത്. കായലുകളുടേയും പുഴകളുടെയോ സ്വാഭാവിക ഒഴുക്ക് തടയരുതെന്ന് കർശന നിർദ്ദേശമുണ്ട്. ദുരന്ത നിവാരണപദ്ധതികളും സുരക്ഷാ മാ‍ര്‍ഗരേഖയും നടപ്പാക്കാനും പരിസ്ഥിതി മന്ത്രാലയും നിർദ്ദേശം നൽകി. 

പരിസ്ഥിതി സംരക്ഷിച്ചുള്ള നിർമ്മാണപ്രവർത്തനമാകും വാട്ടർ മെട്രോയ്ക്കായി നടത്തുകയെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. 747.28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോ കൊച്ചിയിലെ ജല ഗതാഗത രംഗത്ത് പുത്തൻ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 78 കിലോമീറ്ററിൽ വ്യാപിക്കുന്ന ജലമെട്രോയ്ക്കായി ആദ്യ ഘട്ടം 16 സ്റ്റേഷനുകളാകും തയ്യാറാക്കുക. കൊച്ചിൻ ഷിപ്പ് യാർഡിലാണ് പരിസ്ഥിതി സൗഹാർദ്ദ ബോട്ടുകൾ തയ്യാറാക്കുന്നത്. ഈ വർഷം ഡിസംബറിൽ വാട്ടർ മെട്രോ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 


Follow Us:
Download App:
  • android
  • ios