Asianet News MalayalamAsianet News Malayalam

കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍; സൗജന്യ ചികിത്സയില്‍ കേരളം ഒന്നാമത്

മൂന്ന് വര്‍ഷ കാലയളവില്‍ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന സൗജന്യ ചികിത്സയുടെ മുഴുവന്‍ തുകയും കേരള സര്‍ക്കാരാണ് വഹിക്കുന്നത്. 

central government three national award for kerala
Author
Trivandrum, First Published Sep 24, 2021, 2:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ (Mansukh Mandaviya) പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ (central government) ആരോഗ്യ മന്തന്‍ 3.0 ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി-പിഎം-ജെഎവൈ-കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ അശ്വതി സ്വന്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ രണ്ടുകോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തില്‍ നിന്നുമാത്രമാണ്. ശ്രദ്ധേയമായ ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്‌കാരം നേടിത്തന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാസ്പ് പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് (എസ്എച്ച്എ) രൂപം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ എസ്എച്ച്എയെ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി സമയത്തും സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ ഏകോപിപ്പിക്കുന്നതിന് എസ്എച്ച്എ വലിയ പങ്കാണ് വഹിച്ചത്. കേരളത്തില്‍ കാസ്പ് ഗുണഭോക്താവ് അല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത കൊവിഡ് രോഗികള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ നിന്നും പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഈ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായി എസ്എച്ച്എ കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്.

മൂന്ന് വര്‍ഷ കാലയളവില്‍ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന സൗജന്യ ചികിത്സയുടെ മുഴുവന്‍ തുകയും കേരള സര്‍ക്കാരാണ് വഹിക്കുന്നത്. കാസ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയും കെബിഎഫ് പദ്ധതി പ്രകാരമാണെങ്കില്‍ ആജീവനാന്തം രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭ്യമാകുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങള്‍ക്കും കെബിഎഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതാണ്. നിലവില്‍ കേരളത്തില്‍ ഈ പദ്ധതികളുടെ ആനുകൂല്യം 192 സര്‍ക്കാര്‍ ആശുപത്രികളിലും 569 സ്വകാര്യ ആശുപത്രികളിലൂടെയും നല്‍കി വരുന്നു.

Follow Us:
Download App:
  • android
  • ios