സ്കൂട്ടറിൽ വ്യാജ എൽഎസ്ഡി സ്റ്റാംപ് വെച്ചത് ലിവിയ ആണെന്ന് ഇന്നലെ കേസിൽ പിടിയിലായ മുഖ്യപ്രതി നാരായണദാസ് കുറ്റസമ്മത മൊഴി നൽകി. 

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസിൽ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദേശത്തേക്ക് കടന്ന ലിവിയയെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നാരായണ ദാസിന്‍റെ അറസ്റ്റോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. നാരായണ ദാസ് പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴി ഇങ്ങനെയാണ്. നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജാസും സുഹൃത്തുക്കളായിരുന്നു. സാമ്പത്തികമായും കുടുംബ പരമായും ഷീലയുമായി ലിവിയക്കും കുടുംബത്തിനും പ്രശ്നങ്ങളുണ്ടായിരുന്നു.

അങ്ങനെയാണ് ഷീലയെ കുടുക്കാന്‍ തീരുമാനിച്ചത്. നാരായണദാസുമായി ചേര്‍ന്ന് ലിവിയ ബംഗലൂരുവില്‍ നിന്നാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രില്‍ 27 ന്‍റെ തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്കൂട്ടറിലും സ്റ്റാമ്പ് വച്ചു. അന്നു തന്നെ ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും വിശദമാക്കി.

തൊട്ടടുത്ത ദിവസം 27 ന് ഷീലയെ എക്സൈസ് സംഘം പിടികൂടുമ്പൊഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമായിരുന്നു. പിന്നീട് മാര്‍ച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. അതിന്‍റെ തലേന്ന് ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു. കേസില്‍ പ്രതി ചേര്‍ത്ത ലിവിയയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി

Pahalgam Attack |Asianet News Live |Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്