Asianet News MalayalamAsianet News Malayalam

നവരാത്രി ഘോഷയാത്ര സ്വീകരണമൊഴിവാക്കി പല്ലക്കിൽ നടത്തും: സുരേന്ദ്രൻ തന്ത്രിയാവാൻ നോക്കേണ്ടെന്ന് കടകംപള്ളി

വിഗ്രഹഘോഷയാത്ര വാഹനത്തിലാക്കിയത് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണെന്നും എന്നാലും ആചാരലംഘനമുണ്ടായി എന്ന പരാതി വന്നതിനെ തുടർന്ന് അടിയന്തരയോഗം വിളിച്ച് തീരുമാനം പുനപരിശോധിക്കുകയായിരുന്നുവെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. 

changes in Navarathri ghoshayathra
Author
Thiruvananthapuram, First Published Oct 12, 2020, 6:08 PM IST

തിരുവനന്തപുരം: ബിജെപിയും മറ്റും ഹൈന്ദവസംഘടനകളും എതിർപ്പ് ഉയർത്തിയതിന് പിന്നാലെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള നവരാത്രിഘോഷയാത്രയിൽ മാറ്റം വരുത്തി സർക്കാർ. നവരാത്രി ഘോഷയാത്രയുടെ ഭാഗമായി പത്നമാഭപുരത്ത് നിന്നും വാഹനങ്ങളിൽ വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനുമായിരുന്നു നേരത്തെ എടുത്ത തീരുമാനം. എതിർപ്പ് ഉയർന്നതിനെ തുടർന്ന് വിഗ്രഹങ്ങൾ പല്ലക്കിലേറ്റി എത്തിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

വിഗ്രഹഘോഷയാത്ര വാഹനത്തിലാക്കിയത് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണെന്നും എന്നാലും ആചാരലംഘനമുണ്ടായി എന്ന പരാതി വന്നതിനെ തുടർന്ന് അടിയന്തരയോഗം വിളിച്ച് തീരുമാനം പുനപരിശോധിക്കുകയായിരുന്നുവെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. വിഗ്രഹഘോഷയാത്ര 14 ന് തുടങ്ങും. മൂന്ന് വിഗ്രഹങ്ങൾ കൊണ്ടുവരാൻ ചെറു പല്ലക്കുകൾ കൊണ്ടു വരും. നാല് പേർ ചുമക്കുന്ന പല്ലക്കായിരിക്കും ഉപയോഗിക്കുക. വലിയ പല്ലക്കുകൾ ഇക്കുറി ഒഴിവാക്കി. 

റോഡുകളിൽ തിരക്കൊഴിഞ്ഞ സമയത്തായിരിക്കും ഘോഷയാത്ര നടത്തുകയെന്നും  ശാന്തിക്കാരും പല്ലക്കെടുക്കാൻ ചുമതലപ്പെട്ടവരും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി നിർദേശിച്ചു. വിഗ്രഹഘോഷയാത്രയ്ക്ക് വഴിയിലെ സ്വീകരണങ്ങളൊക്കെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ തന്നെ മതപരമായ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നിട്ടും കുളം കലക്കി മീൻ പിടിക്കാൻ ചിലർ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ശംഖുമുഖത്ത് നടത്തിയിരുന്ന ആറാട്ട് പത്മതീർത്ഥത്തിലേക്ക് മാറ്റിയിട്ടുണ്ട്. പൈങ്കുനി ഉത്സവവും മാറ്റി. അപ്പോഴൊന്നും ആർക്കും പരാതിയുണ്ടായിരുന്നില്ല. ഇങ്ങനെ കുളം കലക്കി ആരും മീൻ പിടിക്കേണ്ട. ശബരിമല നട തുറക്കാനുള്ള തീരുമാനത്തിൽ ദേവസ്വം ബോർഡാണ് മറുപടി പറയേണ്ടതെന്നും കെ.സുരേന്ദ്രൻ തന്ത്രിയാവാൻ ശ്രമിക്കേണ്ടെന്നും കടകംപള്ളി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios