Asianet News MalayalamAsianet News Malayalam

ചവറയിൽ കളത്തിലിറങ്ങാൻ ഷിബു ബേബി ജോൺ, വീണ്ടും സിപിഎമ്മും ആർഎസ്‍പിയും നേർക്കുനേർ

ചവറ സീറ്റിൽ യുഡിഎഫിൽ നിന്ന് ആർഎസ്‍പി സ്ഥാനാർത്ഥി വരുമ്പോൾ, ഒരിക്കൽക്കൂടി സിപിഎമ്മും ആർഎസ്‍പിയും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം. സ്ഥലം എംഎൽഎയായിരുന്ന വിജയൻ പിള്ള അന്തരിച്ചതോടെയാണ് സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

chavara byelection shibu baby john udf candidate
Author
Chavara, First Published Sep 5, 2020, 4:36 PM IST

കൊല്ലം: ചവറ ഉപതെരഞ്ഞെടുപ്പിൽ മുൻമന്ത്രിയും പ്രമുഖ ആർഎസ്‍പി നേതാവ് ബേബിജോണിന്‍റെ മകനുമായ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയാകും. കൊല്ലത്ത് ചേർന്ന ആർഎസ്‍പി സംസ്ഥാനസമിതിയോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ചവറ സീറ്റിൽ യുഡിഎഫിൽ നിന്ന് ആർഎസ്‍പി സ്ഥാനാർത്ഥി വരുമ്പോൾ, ഒരിക്കൽക്കൂടി സിപിഎമ്മും ആർഎസ്‍പിയും നേർക്കുനേർ വരുന്നുവെന്നതാണ് ശ്രദ്ധേയം.

ആർഎസ്‍പിയുടെ കേന്ദ്രകമ്മിറ്റിയോഗവും സ്ഥാനാർത്ഥിത്വം അംഗീകരിച്ചതായി പാർട്ടി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള കത്ത് യുഡിഎഫ് ചെയർമാനും കൺവീനർക്കും പാർട്ടി നൽകിയിട്ടുണ്ട്. കൊല്ലത്ത് ചേർന്ന യോഗത്തിൽ പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ, എൻ കെ പ്രേമചന്ദ്രൻ എംപി, പാർട്ടി സെക്രട്ടറി എ എ അസീസ്, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു.

ചവറ ആർഎസ്‍പിയുടെ കരുത്തുറ്റ മണ്ഡലമാണ് പണ്ടുമുതൽക്കേ. 2014-ൽ എൽഡിഎഫിൽ നിന്ന് പിണങ്ങിയിറങ്ങിയ ആർഎസ്‍പിയെ യുഡിഎഫ് രണ്ട് കൈയും നീട്ടി സ്വീകരിച്ചു. അന്ന് യുഡിഎഫ് പാളയത്തിൽ നിന്ന് കൊല്ലത്ത് വീണ്ടും മത്സരിച്ച എൻ കെ പ്രേമചന്ദ്രനെ അന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടറിയായ പിണറായി വിജയൻ വിളിച്ചത് 'പരനാറി' എന്നാണ്. അന്നത്തെ രാഷ്ട്രീയചർച്ച 'പരനാറി' പ്രയോഗം കൊണ്ടുപോയി. കൊല്ലത്തെ സീറ്റ് യുഡിഎഫും കൊണ്ടുപോയി. അന്ന് മുതലിങ്ങോട്ട്, രാഷ്ട്രീയമാന്യതയുടെ ചർച്ചകളുയരുമ്പോഴൊക്കെ പിണറായി വിജയനെതിരെ ഈ പ്രയോഗത്തെക്കുറിച്ചും വിമർശനമുയരും.

എൻ കെ പ്രേമചന്ദ്രന്‍റെ ജനസ്വാധീനത്തിന് മുന്നിൽ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഎം അടിയറവ് പറഞ്ഞു. അന്തരിച്ച മുൻചവറ എംഎൽഎ വിജയൻപിള്ള സിഎംപിക്കാരനാണ്. ഈ പാർട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് സിപിഎമ്മിൽ ലയിക്കുന്നത്. അതുകൊണ്ട്, വീണ്ടും സിപിഎം - ആർഎസ്‍പി പോര് കൊല്ലത്ത് നടക്കുമ്പോൾ ആര് വീഴുമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 6189 വോട്ടുകൾക്കാണ് വിജയൻപിള്ള ഷിബു ബേബി ജോണിനെ വീഴ്ത്തിയത്. 

ഇടതുമുന്നണി സ്ഥാനാർത്ഥിയായി ചവറയിൽ പുതുമുഖത്തെ ഇടതുമുന്നണി സജീവമായി പരിഗണിക്കുന്നുവെന്നാണ് അഭ്യൂഹം. അന്തരിച്ച വിജയൻ പിള്ളയുടെ മകൻ സുജിത് വിജയൻ, ചവറ ഏരിയ സെക്രട്ടറി മനോഹരൻ എന്നിവരുടെ പേരുകളാണ് എൽഡിഎഫ് സജീവമായി പരിഗണിക്കുന്നത്. 

അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേർന്നതാണ് ചവറ മണ്ഡലം. ഇവിടെ, തദ്ദേശഭരണസ്ഥാപനങ്ങളിലെ കണക്കെടുത്ത് തുടങ്ങിയാൽ ഇടതുമുന്നണിക്കാണ് മേൽക്കൈ. 

Follow Us:
Download App:
  • android
  • ios