സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം: മേയ് 15 വരെ ഭാഗിക ലോക്ക് ഡൗണ്‍ വേണമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ ജില്ലാ സംസ്ഥാന യാത്രകള്‍ മെയ് 15 വരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക് ഡൗണ്‍ സംബന്ധിച്ചുള്ള കേരളത്തിന്‍റെ നിലപാട് അറിയിച്ചത്.

കേന്ദ്ര സർക്കാര്‍ മാനദണ്ഡം അനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനം എടുക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. കഴിഞ്ഞ ആഴ്‍ചയില്‍ കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടവും പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചും ലോക്ക് ഡൗൺ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നും കോണ്‍ഫറന്‍സില്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് പരിശോധിച്ച് വരികയാണ്. ബാക്കിയെല്ലാവർക്കും സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.