ചെന്നൈ: ശുദ്ധജലത്തിന്‍റെ അളവ് അപകടകരമായി കുറയുന്നതിന്‍റെ ലക്ഷ്ണമാണ് ചെന്നൈയിലെ കൊടുംവരള്‍ച്ചയെന്ന് പരിസ്ഥിതി ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. ഭൂഗര്‍ഭ ജലത്തില്‍ ഉപ്പിന്‍റെ അളവ് കൂടാൻ ഇതിടയാക്കും. മഹാപ്രളയത്തിന് ശേഷം കൊടുംവരള്‍ച്ചയെ നേരിടുന്ന ചെന്നൈ കേരളത്തിന് പലപാഠങ്ങളും നല്‍കുന്നുണ്ട്.

മൂന്നരവര്‍ഷം മുമ്പ് മഹാപ്രളയത്തെ നേരിട്ട ചെന്നൈയാണ് ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നത്. കുഴല്‍കിണറുകളുടെ ആഴം കൂട്ടിയിട്ടും രക്ഷയില്ല. പശ്ചിമഘട്ടത്തോട് ചേര്‍ന്ന മേഖലയില്‍ പോലും ഭൂഗര്‍ഭ ജലവിതാനം താഴ്ന്നത് രണ്ടുമീറ്ററിലധികം. ജലാശയങ്ങളില്‍ ചെറുജീവികളും മീനുകളും ചത്തുകിടക്കുന്നു.

പ്രളയത്തിന് ശേഷം മഴയുടെ അളവില്‍ കുറവുണ്ടായി. പ്രളയത്തില്‍ ഒഴുകിയെത്തിയ മണലും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും തടാകങ്ങളുടെ ഗതിമാറ്റി. പെയ്ത മഴ മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങാന്‍ മടിച്ചു.മഴപെയ്താല്‍ വെള്ളം പോകേണ്ട വഴികളെല്ലാം മാലിന്യം നിറഞ്ഞ് അടഞ്ഞ‌ു.ഓരോ തുള്ളിയും കരുതി വയ്ക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളില്ലാത്തതിന്‍റെ ദുരിതമാണ് ചെന്നൈ ഇന്ന് നേരിടുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഇല്ലാതെ പ്രതിസന്ധിക്ക് അയവുണ്ടാകില്ല -

ചെന്നൈയിലെ ജലാശയങ്ങളില്‍ മീന്‍ ചത്തുപൊന്തിയത് വലിയൊരു ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ശുദ്ധജലശേഖരം ഭീകരമായ അളവില്‍ കുറഞ്ഞിരിക്കുന്നു. ഭൂഗര്‍ഭജലനിരപ്പ് താഴും തോറും കടല്‍വെള്ളം കരയിലേക്ക് കയറും. ഇനി ഉപ്പുവെള്ളം കുടിക്കേണ്ട ഗതിയാവും നമ്മുക്ക്.  ചെന്നൈ നഗരത്തില്‍ വര്‍ഷത്തില്‍ മൂന്ന് ദിവസം നന്നായി മഴ പെയ്താല്‍ മതി ജലപ്രതിസന്ധി പരിഹരിക്കാനാവും. എന്നാല്‍ പെയ്യുന്ന മഴ മണ്ണിലേക്ക് ഇറങ്ങാതെ കടലിലേക്ക് ഒഴുകി പോകുന്നു എന്നതാണ് ചെന്നൈ നേരിടുന്ന ദുരന്തം. മഴ വെള്ളം ശേഖരിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ചെന്നൈയില്‍ ഇന്നില്ല -  ഡോ. എസ്. വിന്‍സെന്റ്, ഡീന്‍ ഓഫ് റിസര്‍ച്ച്, ലയോള കോളജ്,