Asianet News MalayalamAsianet News Malayalam

കിഫ്ബിയിൽ നടക്കുന്നതെല്ലാം അഴിമതി, സർക്കാർ പുകമറ സൃഷ്ടിക്കുകയാണ്; ചെന്നിത്തല

അന്വേഷണത്തിൽ അതെല്ലാം പുറത്തുവരും. ശ്രദ്ധ തിരിക്കാനാണ് മന്ത്രി തോമസ് ഐസകിന്റെ ശ്രമം. സർക്കാർ പുകമറ സൃഷ്ടിക്കുകയാണ്. പ്രതിപക്ഷം ശക്തമായ തുടർനടപടികൾ ആലോചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

chennithala against government on kifb controversy
Author
Thiruvananthapuram, First Published Nov 15, 2020, 11:24 AM IST

തിരുവനന്തപുരം: കിഫ്ബിയിൽ നടക്കുന്നതെല്ലാം അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തിൽ അതെല്ലാം പുറത്തുവരും. ശ്രദ്ധ തിരിക്കാനാണ് മന്ത്രി തോമസ് ഐസകിന്റെ ശ്രമം. സർക്കാർ പുകമറ സൃഷ്ടിക്കുകയാണ്. പ്രതിപക്ഷം ശക്തമായ തുടർനടപടികൾ ആലോചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. 

ഗുരുതര അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക്കിൻ്റെ ഉണ്ടയില്ലാ വെടി. ഇല്ലാത്ത വിവാദമാണ് കുത്തിപ്പൊക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലാണ് മയക്കുമരുന്നു കച്ചവടം നടന്നത്. കോടിയേരി മാത്രമല്ല മുഖ്യമന്ത്രിയും രാജി വെക്കണം. സ്വർണ കള്ളക്കടത്ത്, ലഹരിമരുന്നു കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. കിഫ്ബിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നു. ഓഡിറ്റുകൾ വേണ്ട എന്ന നിലപാട് അഴിമതി നടത്താനാണെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ  പറഞ്ഞു.

സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. വിഷയത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി. സിഎജി റിപ്പോർട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം. കിഫ്ബിക്കെതിരായ നീക്കത്തിൽ സർക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം. 

സർക്കാരിന് നൽകിയ കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീർക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകർക്കാൻ ബിജെപിയും  കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം.

മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകൾ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോർട്ട്. പരിശോധനയിൽ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങൾ കരട് റിപ്പോർട്ടിൽ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സർക്കാർ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുൻകൂർ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്. 

  

Follow Us:
Download App:
  • android
  • ios