Asianet News MalayalamAsianet News Malayalam

'ഐസക്കിന്‍റെ ഉന്നം ഞാനല്ല, പിണറായിയാണ്'; ധനമന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കിനായി തരംതാണെന്നും ചെന്നിത്തല

പൊതുജനശ്രദ്ധ തിരിക്കാന്‍ ധനമന്ത്രി കപടനാടകം നടത്തുകയാണ്. കിഫ്ബിയിലെ അഴിമതി പിടികൂടാനായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നു. ധനമന്ത്രിയുടേത് ഉണ്ടയില്ലാ വെടിയെന്നും ചെന്നിത്തല. 

chennithala criticize  Thomas Isaac
Author
Trivandrum, First Published Nov 15, 2020, 4:34 PM IST

തിരുവനന്തപുരം: കിഫ്‍ബി സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിനായി തരംതാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. പൊതുജനശ്രദ്ധ തിരിക്കാന്‍ ധനമന്ത്രി കപടനാടകം നടത്തുകയാണ്. കിഫ്ബിയിലെ അഴിമതി പിടികൂടാനായപ്പോള്‍ ചന്ദ്രഹാസം ഇളക്കുന്നു. ധനമന്ത്രിയുടേത് ഉണ്ടയില്ലാ വെടിയാണ്. നിയമസഭയെ ധനമന്ത്രി അവഹേളിച്ചെന്നും ചെന്നിത്തല വിമര്‍ശിച്ചു.

സിഎജി കരട് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും ചെന്നിത്തല ആവശ്യപ്പെട്ടു. ഐസക്ക് ഉന്നംവെക്കുന്നത് പിണറായിയെയാണ്. ലാവലിന്‍ വീണ്ടും അദ്ദേഹം കൊണ്ടുവന്നു. ലാവലിന്‍ ബന്ധത്തില്‍ അഴിമതി ഒളിഞ്ഞുകിടപ്പുണ്ട്. ലാവലിന്‍ ഒന്നുകൂടി ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. സഭയിൽ വെക്കുന്നതിന് മുൻപേ കിഫ്ബിയിലെ സിഎജിയുടെ കരട് റിപ്പോർട്ട് വിവരങ്ങൾ ധനമന്ത്രി പുറത്തുവിട്ട അസാധാരണ നീക്കം വഴിയൊരുക്കുന്നത് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ്.

രാഷ്ട്രപതിക്കടക്കം പരാതി നൽകാനും നിയമ നടപടികൾക്കുമാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർക്കും പരാതി നൽകും. കിഫ്ബിക്കെതിരായ നീക്കത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരും ഒരുക്കം തുടങ്ങി. കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ രേഖാമൂലം വിയോജിപ്പറിയിക്കാനാണ് ധനവകുപ്പ് തീരുമാനം.

Follow Us:
Download App:
  • android
  • ios