തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പൊലീസിനെ ഏല്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സംസ്ഥാനത്തെ പൊലീസ് രാജാക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചതെന്നും എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ഒരു വശത്ത് ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പൊലീസ് ഇടപെടൽ മരവിപ്പിക്കുക. ഇതോടെ കൊവിഡ് സംസ്ഥാനത്ത് പടർന്നുപിടിക്കും. ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം? പല തരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ആളുകളുണ്ടല്ലോ? പ്രളയം വരും, വരൾച്ച വരുമെന്നൊക്കെ. ഇവരിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ് എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. 

കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അക്കാര്യത്തിൽ 
സംസ്ഥാനം ഏറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സർക്കാർ പരാജയപ്പെട്ടുവെന്ന്. ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളിൽ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാർ മാത്രമാണോ ഉള്ളത്? എന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വാധീനിക്കാനാവുന്നവരെ അടർത്തിമാറ്റുക, അവരിൽ സംശയമുണ്ടാക്കുക, ആ പ്രവർത്തനത്തിൽ സജീവമാകാതിരിക്കാൻ പ്രേരിപ്പിക്കുക, അതാണോ ഇപ്പോൾ ചെയ്യേണ്ടത്? ഈ നാടിന്‍റെ അനുഭവം കണ്ടല്ലോ. ജനങ്ങൾ ഒരുമയോടെ കൊവിഡ് പ്രതിരോധത്തിൽ അണിനിരക്കുന്നു. ആക്ഷേപങ്ങൾക്ക് വില കൽപിച്ചെങ്കിൽ ഇന്നത്തെ കാഴ്ചയുണ്ടാകുമോ? ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. വിമർശനങ്ങളെ പോസിറ്റീവായി എടുക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു. നല്ല കാര്യം. അത് തള്ളിക്കളയുന്ന സർക്കാരല്ല ഇത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകൾ ചുമന്നുകൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also:'ഇത് കേരളത്തെ പൊലീസ് രാജിലേക്ക് നയിക്കും'; കൊവിഡ് പ്രതിരോധം പൊലീസിനെ ഏൽപ്പിച്ചതിനെതിരെ ചെന്നിത്തല