മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിയോടും എൽഡിഎഫ് ചേർന്നുനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂർ: മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വർഗീയശക്തിയോടും എൽഡിഎഫ് ചേർന്നുനിൽക്കില്ലെന്നും 2021ൽ എടുത്ത തീരുമാനം ശരിയായോ അതോ തെറ്റായിപ്പോയോ എന്ന് ജനങ്ങൾ ചിന്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021ൽ എടുത്ത തീരുമാനം ശരിയായോ അതോ തെറ്റായിപ്പോയോ എന്ന് ജനങ്ങൾ ചിന്തിക്കും. 2016ൽ കേരളത്തിലെ സർവ മേഖലയും തകർന്ന നിലയിലായിരുന്നു. ജനങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതോടെ ഭരണത്തുടർച്ച ഉണ്ടായി. ചുവപ്പുനാട സമ്പ്രദായം ഇല്ലാതായി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ മാറ്റിയതിന് കാരണം എൽഡിഎഫ് സംസ്കാരമാണ്. യുഡിഎഫിന് ഇതിനെ പറ്റി ചിന്തിക്കാനാവുമോ? മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ല. ഒരു വർഗീയശക്തിയോടും എൽഡിഎഫ് ചേർന്നു നിൽക്കില്ല. കേരളമാണ് ഏറ്റവും വലിയ ശക്തികേന്ദ്രം എന്ന് പറയുന്ന രാജ്യത്തെ വർഗീയ സംഘടന കേരളത്തിലുണ്ട്, പക്ഷേ അവർക്ക് തല പൊക്കാനാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ തകർക്കാൻ യുഡിഎഫ് കളമാക്കിയെടുത്തത് തൃശ്ശൂരിനെയാണ്. പാവങ്ങൾക്ക് വീട് ലഭിക്കുന്നതിൽ അവർക്കെന്താണ് വിരോധം? കേന്ദ്രം അർഹതപ്പെട്ട സഹായം നിഷേധിച്ചു. ദുരന്തമുഖത്തും കേരളം നശിക്കട്ടെ എന്ന സമീപനം കേന്ദ്രം തീരുമാനിച്ചു. അത് രാഷ്ട്രീയമാണ്. ആർഎസ്എസിനെയും ബിജെപിയെയും കേരളീയർ സ്വീകരിക്കാത്തതിന്റെ വിരോധമാണ്. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫ് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming