കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി
"രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം"

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
' രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം, ആ മന്ത്രിക്ക് അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇവിടെയെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നോട് ചോദിച്ചിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെടാമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആ കാര്യത്തില്‍ പ്രത്യേകമായ ഇടപെടല്‍ കേന്ദ്രം നടത്തേണ്ടതായി വരികയാണെങ്കില്‍ അതിനവര്‍ തയ്യാറാകേണ്ടി വരും. എന്നാല്‍ അത് വേണ്ടി വന്നില്ല.'-കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ നമുക്കതില്‍ ആശങ്കപ്പെടാനില്ല. കേരളം മതനിരപേക്ഷത നല്ല രീതിയില്‍ ഉള്ള നാടാണ്. എന്നെയോ സര്‍ക്കാരിനെയോ മുന്നണിയെയോ ഇകഴ്ത്താന്‍ വേണ്ടി കേരളത്തെയാകെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിലൊന്നും കേരളത്തില്‍ ഒരാശങ്കയും ഇല്ല.'-മുഖ്യമന്ത്രി പറഞ്ഞു.
'അപകടം സംഭവിച്ചാല്‍ എന്ത്' ചെയ്യണം എന്ന ബോധവത്കരണം യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ നല്‍കിയിരുന്നു. അതാണ് അപകടം കുറയാന്‍ കാരണമായതെന്ന് 30 ശതമാനം പൊള്ളലേറ്റ ഒരു സ്ത്രീ ഇന്ന് തന്നോടും മന്ത്രിമാരോടും പറഞ്ഞു. കളമശേരിയില്‍ പരിക്കേറ്റവരെ ഡോക്ടര്‍മാര്‍ അര്‍പ്പണ ബോധത്തോടെ പരിചരിക്കുന്നുണ്ട്. കേസില്‍ ഇതിനോടകം വ്യക്തമായ കാര്യങ്ങളുണ്ട്. കുറ്റമേറ്റ് മുന്നോട്ട് വന്ന മാര്‍ട്ടിന്‍ ഒരു വശത്തുണ്ട്. സംഭവത്തില്‍ മറ്റ് മാനങ്ങളും അന്വേഷിക്കുന്നുണ്ട്. ഡിജിപി ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്'-മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.