തിരുവനന്തപുരം: ഇനി ജയിലിൽ പോയും പെട്രോളടിക്കാം. സംസ്ഥാനത്തെ നാല് ജയിലുകളിലാണ് ജയില്‍ വകുപ്പ് പെട്രോള്‍ പമ്പുകള്‍ തുടങ്ങിയത്. ജയില്‍ വകുപ്പിന്‍റെ പുതിയ സംരംഭം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു

പൂജപ്പുര ജയിലിനോട് ചേര്‍ന്നുളള ജയില്‍ വകുപ്പ് ഭൂമിയിലാണ് വകുപ്പിനു കീഴിലെ ആദ്യ പെട്രോള്‍ പമ്പിന് തുടക്കമായത്. പൂജപ്പുരയ്ക്ക് പുറമേ കണ്ണൂരിലും, വിയ്യൂരിലും, ചീമേനി ജയിലിലും പോയാല്‍ ഇനി പെട്രോള്‍ നിറയ്ക്കാം. ജയിലുകളിലെ നല്ല നടപ്പുകാരായ തടവുകാരെയാണ് പെട്രോള്‍ പമ്പിലെ ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത 15 പേര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പമ്പിലുണ്ടാകും.

ഭിന്നശേഷിക്കാർക്കടക്കം ഉപയോഗിക്കാവുന്ന ബാത്ത് റൂം, ടയറുകളിൽ നൈട്രൈജൻ ഫില്ലിങ്ങിനടക്കമുള്ള സൗകര്യമെന്നിങ്ങനെ അത്യാധുനീക സംവിധാനങ്ങളാണ് ഓരോ പമ്പുകളിലും ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ സഹകരണത്തോടെയാണ് ഫ്രീഡം ഫ്യുവല്‍ ഫില്ലിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം.