യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നു.
തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യപ്രചരണം നടത്തുകയാണ്. പ്രകടന പത്രിക ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരം ഇന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങൾ യുഡിഎഫ് കാലത്ത് തകർന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമലയിൽ സര്‍ക്കാരിന്‍റേത് കൃത്യതയോടെയുള്ള നിലപാടാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പ്രചാരണ വിഷയമാക്കിയാലും എൽഡിഎഫിനെ ബാധിക്കില്ല. എസ് ഐടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലില്ലെന്ന് ഹൈക്കോടതി പറഞ്ഞെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പത്മകുമാറിനെ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറ്റി.
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് കോണ്‍ഗ്രസ് ആണെന്നായിരുന്നു പാലക്കാട്ടെ ബിജെപി-സിപിഎം ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കോലീബി സഖ്യം ഓര്‍മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണ്. 2016ൽ നേമത്തെ ബിജെപി ജയം ഡീലിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

