ഇടുക്കി: അഴിമതിമുക്ത സംസ്ഥാനമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്താൽ ശിക്ഷിക്കും എന്നതാണ് ഈ സർക്കാരിന്റെ നയം. എന്നാല്‍ എന്ത് ചെയ്താലും സംരംക്ഷിക്കും എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി.

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ളവർക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുൻ മന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.  അതേസമയം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചി ആലുവയിലെ വീട്ടിലെത്തി. 

കരാർ ഏജൻസിക്ക് മുൻകൂർ പണം നൽകിയതിൽ അഴിമതിയ്ക്കും പണമിടപാടിനും കൃത്യമായ രേഖകൾ ഉൾപ്പടെ ലഭിച്ചെന്നും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വിജിലൻസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾക്കിടെയാണ് ഇബ്രാഹിംകുഞ്ഞ് സ്വന്തം വീട്ടിലെത്തുന്നത്. പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളും നയപരം മാത്രമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയത്. അറസ്റ്റ് മുൻകൂട്ടിക്കണ്ട്, മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി കുഞ്ഞ് നിയമോപദേശം തേടിയെന്നാണ് സൂചന.