യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി ശിവൻകുട്ടി മികച്ച മന്ത്രിയെന്നും ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നല്ലതുപോലെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി വികസന സംവാദത്തിന് ഇനിയും തയാറെന്നും സ്ഥലവും തിയതിയും അദ്ദേഹം തീരുമാനിക്കട്ടെയെന്നും ശിവൻകുട്ടി വേദിയിൽ പറഞ്ഞു.

കേരളം ഇങ്ങനെ തകർന്നല്ലോയെന്ന ചിന്ത 10 വർഷം മുമ്പ് ജനങ്ങൾക്കുണ്ടായിരുന്നു. അതിൽനിന്നും ജനം മോചനം ആഗ്രഹിച്ചു. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ വലിയ മാറ്റം സംഭവിച്ചു. കുത്തഴിഞ്ഞ ഭരണസംവിധാനം മാറി. ഇപ്പോൾ നല്ല നിലക്ക് ജീവിതം നയിക്കാൻ കഴിയുന്ന ഇടമായി കേരളം മാറി. എൽഡിഎഫ് ഉണ്ടാക്കിയ പുരോഗതി യുഡിഎഫ് വന്നാൽ തകർക്കും എന്ന് ജനങ്ങൾ തീരുമാനിച്ചു. അതുകൊണ്ടാണ് തുടർസർക്കാരുണ്ടായത്. അതിൽ കഴിഞ്ഞ 5 വർഷവും ജനങ്ങൾക്ക് ദു:ഖിക്കേണ്ടിവന്നിട്ടില്ല. യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേത്. എൽഡിഎഫ് ജനങ്ങൾക്കൊപ്പമാണ്. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രം എന്തെങ്കിലും പങ്ക് വഹിച്ചോ? ദുരന്തം ഉണ്ടായപ്പോൾ പോലും കൂടെ നിന്നില്ല. രാഷ്‌ട്രീയ കാരണത്താൽ നികുതി വിഹിതം പോലും തരുന്നില്ല. ഇവിടെ ഇഷ്‌ടമുള്ളവ കഴിക്കാം, വിശ്വാസം അനുസരിച്ച് ജീവിക്കാം. എല്ലാ മതസ്ഥർക്കും സാഹോദര്യത്തോടെ കഴിയുന്ന സാഹചര്യം നശിപ്പിക്കാൻ പാടില്ല. ശിവൻകുട്ടി മികച്ച മന്ത്രിയാണ്. മന്ത്രിസഭക്ക് മികച്ച സംഭാവന നൽകിയെന്നും ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നല്ലതുപോലെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.