തിരുവനന്തപുരം: ആറ്റിങ്ങലിൽ കുട്ടികളെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളുമായും മാതാപിതാക്കളുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തി.

ദിവസങ്ങൾക്ക് മുൻപാണ് ഒരു പെണ്‍കുട്ടിയേയും അവളുടെ അനിയനേയും ഒരാൾ വടി കൊണ്ട് അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. അടിക്കല്ലേയെന്നും ഉപദ്രവിക്കല്ലേയെന്നുമുള്ള പെണ്‍കുട്ടി കരഞ്ഞു കൊണ്ടു പറയുന്നതും ഒപ്പമുള്ള ആണ്‍കുട്ടി ഭയന്ന് വിറച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഷൂട്ട് ചെയ്ത ആളെ അടിക്കുന്ന ആൾ ചവിട്ടാൻ നോക്കുന്നതും വീഡിയോയിലുണ്ട്. 

വൈറലായ ഈ ദൃശ്യങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രോഷം ഉയര്‍ന്നിരുന്നു. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ദൃശ്യങ്ങളിൽ ഉള്ളയാളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വീഡിയോയിലുള്ളത് ആറ്റിങ്ങൽ സ്വദേശി സുനിൽകുമാർ ആണെന്ന് തിരിച്ചറിഞ്ഞത്. 

സ്വന്തം മക്കളെ ഉപദ്രവിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അറസ്റ്റിലായ സുനിൽകുമാറിനായി ഭാര്യ രംഗത്തുവന്നിരുന്നു. കുടുംബത്തിലുണ്ടായ ചെറിയ തര്‍ക്കത്തിൻ്റെ പുറത്ത് ഭര്‍ത്താവിനെ പേടിപ്പിക്കാൻ വേണ്ടി എടുത്ത വീഡിയോ ആണ് വൈറലായതെന്നും വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ അച്ഛനെ പേടിപ്പിക്കാൻ വേണ്ടിയാണ് മകൾ കരഞ്ഞതെന്നും സുനിലിൻ്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വിഡിയോ എടുക്കുന്നത് കണ്ടപ്പോൾ അച്ഛനെ പേടിപ്പിക്കാൻ വേണ്ടിയാണ് മകൾ കരഞ്ഞത്. എൻ്റെ ഭര്‍ത്താവ്  പ്രശ്നക്കാരനല്ല അയൽവാസികളോടെ അടുത്ത കുടുംബക്കാരോടോ ചോദിച്ചാൽ ഇതിൻ്റെ സത്യം അറിയാം.ഭര്‍ത്താവും രണ്ട് മക്കളും എൻ്റെ അമ്മയും ആണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ആഴ്ച ഭര്‍ത്താവുമായി ചെറിയ പ്രശ്നമുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ എടുത്ത വീഡിയോ ആണിത്. അതു കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടതാണ് ഷെയര്‍ ചെയ്തു ലോകം മുഴുവൻ പ്രചരിച്ചത്. 

ഞാനൊരു രോഗിയാണ് വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഞങ്ങളെ നോക്കുന്നത്. എന്നെയും കൊണ്ട് ഇന്ന് അദ്ദേഹം ചെക്കപ്പിന് പോകേണ്ടതാണ്. ഇന്നേവരെ എന്നെയോ മക്കളെയോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല. എന്നേയും മക്കളേയും രക്ഷിക്കണം ഞങ്ങൾക്ക് ആരുമില്ലാത്ത അവസ്ഥയാണ്. ഭര്‍ത്താവിനെ രക്ഷിക്കണം - സുനിലിൻ്റെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം സുനിൽ കുമാറിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി ബി അശോകൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആറ്റിങ്ങൾ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇയാളെ ജയിലിലേക്ക് മാറ്റിയേക്കും.