തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ് എടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം. കേസ് എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയ ബാലാവകാശ കമ്മീഷൻ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

എൻഫോഴ്സ്മെന്റ് ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് കാണിച്ച് ബിനീഷിന്റെ ഭാര്യാപിതാവാണ് ബാലാവകാശകമ്മീഷനെ സമീപിച്ചത്. പരാതി കിട്ടി മിനിട്ടുകൾക്കുള്ളിൽ ബാലാവകാശ കമ്മിഷൻ ചെയർമാനും അംഗങ്ങളും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്ന് കാണിച്ച് ബാലാവകാശ കമ്മീഷൻ ഇഡിയോട് കുട്ടിയെ കാണണമെന്ന്  രേഖാമൂലം ആവശ്യപ്പെട്ടതോടെയാണ് ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിടാൻ ഇഡി തയ്യാറായത്.