തിരുവന്തപുരം: നവംബര്‍ 14ന് സംസ്ഥാനതലത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിന പരിപാടികള്‍ നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശു ക്ഷേമ സമിതി ജനറല്‍ സെക്ര ട്ടറി ഡോ. ഷിജൂഖാന്‍ അറിയിച്ചു. എല്‍.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. 

തിരുവനന്തപുരം വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എസ് നന്മ യാണ് കുട്ടികളുടെ പ്രധാനമന്ത്രി. ജഗതി ഈശ്വരവിലാസം റോഡ്, 'മാധവ'ത്തില്‍ വിപ്രോയിലെ ഐ.ടി. പ്രൊഫഷണലും സാപ് കണ്‍സള്‍ട്ടന്റുമായ ശ്രീകുമാറിന്റേയും ഡോ. ദിവ്യ ശ്രീകുമാറിന്റേയും മകളാണ് നന്മ. ഇരട്ടകളായ മൂന്ന് വയസ്സുള്ള നന്ദിത്തും നമസിയും സഹോദരങ്ങളാണ്.

തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സുകാരന്‍ സിഎം ആദര്‍ശ് ആണ് പ്രസിഡന്റ്. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍ ആര്‍ വി ഷാജിയുടേയും മഞ്ചു ഷാജിയുടേയും മകനാണ് ആദര്‍ശ്. അരവിന്ദാണ് സഹോദരന്‍. 

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എസ് ഉമയാണ് സ്പീക്കര്‍. കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടികെ സുജിത്തിന്റേയും അഭിഭാ ഷകയായ എം. നമിതയുടേയും മകളാണ്. 

പാറശ്ശാല ഉച്ചക്കട വിരാലി വിമല ഹൃദയ എല്‍.പി.എസ്സിലെ നൈനിക അനില്‍ ആണ് പ്രസംഗിക്കുക. ഡ്രൈവര്‍ പി അനിലിന്റെയും ഇതേ സ്‌കൂളിലെ അദ്ധ്യാപിക സിപി ശ്രീജയുടേയും മകളാണ്. വിമല ഹൃദയ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി രോഷ്ന അനില്‍ സഹോദരിയാണ്.

തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി സി. ശ്രീലക്ഷ്മിയാണ് നന്ദി പ്രാസംഗിക. വഞ്ചിയൂര്‍ ഋഷിമംഗലം ഗോപികയില്‍ ഏഷ്യാനെറ്റ് ന്യൂസ്‌ ഓൺലൈൻ അസിസ്റ്റന്റ്  എഡിറ്റര്‍ സി. ഗോപാലകൃഷ്ണന്റേയും ലേഖയുടേയും മകളാണ് ശ്രീലക്ഷ്മി. 

എല്‍.പി, യു.പി വിഭാഗം പ്രസംഗ മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനക്കാരില്‍ നിന്നും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപ് എന്നിവരടങ്ങിയ ജൂറി നടത്തിയ സ്‌ക്രീനിംഗില്‍ കൂടിയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാന തല ഓണ്‍ലൈന്‍ പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി എസ് നന്മ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സിഎം ആദര്‍ശ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എസ്  ഉമ മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ. ശൈലജ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ വഴി ശിശുദിന സന്ദേശം നല്‍കും. യോഗത്തില്‍ ഇത്തവണത്തെ ശിശു ദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.


എല്ലാ ജില്ലകളിലും ശിശു ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതികളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ശിശുദിന ഓണ്‍ലൈന്‍ പൊതു യോഗങ്ങള്‍ നടക്കും. പൊതുയോഗം കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ അധികൃ തര്‍ക്കും ലൈവായി കാണുന്നതിന് നവമാധ്യമങ്ങള്‍ വഴി സൗകര്യം ഒരുക്കുമെന്നും ജനറല്‍ സെക്രട്ടറി ഡോ. ഷിജൂ ഖാന്‍ അറിയിച്ചു.