തൃശ്ശൂർ: മായന്നൂരിൽ നിന്ന് കാണാതായ 6 കുട്ടികളെ കണ്ടെത്തി. ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് കുട്ടികൾ നാട് വിട്ടതെന്ന് പൊലീസ് അറിയിച്ചു

മായന്നൂർ സെന്‍റ് തോമസ് ഹയർ സെക്കന്ററി സ്കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ഇവർ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവൻ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. 

ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികൾ രാത്രി ചിലവഴിച്ചതെന്ന്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗൺസിലിങ് നടത്തി. പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കുട്ടികള്‍ തിരിച്ചെത്തിയ വാര്‍ത്തയറിഞ്ഞ് നൂറു കണക്കിനാളുകളാണ് പഴയന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.