തിരുവല്ല: ക്രൈസ്തവ സഭകളുടെ സാമ്പത്തിക-ഭൂമി ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നിയമപരിഷ്കരണ കമ്മീഷൻ ശുപാര്‍ശയിൽ സര്‍ക്കാരിന് മുന്നറിയിപ്പുമായി സംയുക്ത ക്രൈസ്തവ സമ്മേളനം. ശുപാര്‍ശ തള്ളിയില്ലെങ്കിൽ തുടര്‍പ്രതിഷേധവും നിയമനടപടിയുമുണ്ടാകുമെന്ന് സമ്മേളനം താക്കീത് നൽകി. വിശ്വാസങ്ങൾക്കുമേലുള്ള സര്‍ക്കാരിന്‍റെ കടന്നുകയറ്റമാണ് കമ്മീഷൻ റിപ്പോര്‍ട്ടെന്നും സമ്മേളനം വ്യക്തമാക്കി.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി ചര്‍ച്ച് ആക്ട് ശുപാര്‍ശ പിൻവലിപ്പിക്കാനുള്ള ശ്രമത്തിലാണ്  ക്രൈസ്തവ സഭകൾ. ഇടവകകൾക്ക് രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയും പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കാനുമുള്ള ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കമ്മീഷന്‍റെ ശുപാര്‍ശക്കെതിരെയാണ് ക്രൈസ്തവ സഭകൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചത്.  

മൗലികാവകാശങ്ങളിൽ കടന്നുകയറുകയാണ് സര്‍ക്കാര്‍. അടുത്തമാസം ആറിനകം അഭിപ്രായം അറിയിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ശുപാര്‍ശയുമായി മുന്നോട്ടുപോകുന്നുവെന്നതിന് തെളിവാണെന്നും സമ്മേളനം വ്യക്തമാക്കി. പ്രതിഷേധം നിയമപരിഷ്കരണ കമ്മീഷന്‍റെ സിറ്റിംഗിൽ  അറിയിക്കും.

സഭയുടെ സ്വത്തുക്കൾ സര്‍ക്കാര്‍ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണെന്നും ചങ്ങനാശേരി ബിഷപ്പ് ഹൗസിൽ ചേര്‍ന്ന യോഗം വിലയിരുത്തി. വിഷയത്തിൽ രാഷ്ട്രീയപ്പാര്‍ട്ടികൾ നിലപാട് അറിയിക്കണം. ആവശ്യമെങ്കിൽ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുമെന്നും സമ്മേളനം അറിയിച്ചു.