ഇനി കള്ളൻമാർ നന്നായി പേടിക്കണം. വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ബാങ്കുകളോ ആകട്ടെ, നിമിഷങ്ങൾക്കകം മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ തത്സമയം കണ്ട് അവരെ തേടിയെത്താനുള്ള സംവിധാനവുമായി പൊലീസ്.

കൊച്ചി: സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നാലുടൻ പൊലീസ് കൺട്രോൾ റൂമിൽ ജാഗ്രതാ നി‍ർദേശമെത്തിക്കാനുള്ള സംവിധാനം നടപ്പിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്.

ഇനി കള്ളൻമാർ നന്നായി പേടിക്കണം. വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ബാങ്കുകളോ ആകട്ടെ, നിമിഷങ്ങൾക്കകം മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ തത്സമയം കണ്ട് അവരെ തേടിയെത്താനുള്ള സംവിധാനവുമായിട്ടാണ് പൊലീസ് എത്തുന്നത്. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം എന്ന പദ്ധതിയിലൂടെയാണ് 24 മണിക്കൂർ സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ ശ്രമം. 

സിസ്റ്റം സ്ഥാപിച്ച സ്ഥലങ്ങളിൽ അതിക്രമങ്ങളോ മോഷണശ്രമങ്ങളോ ഉണ്ടായാൽ 7 സെക്കന്റിനുള്ളിൽ വിവരം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള കൺട്രോള്‍ റൂമിൽ ലൈവ് ദൃശ്യങ്ങളടക്കം ലഭിക്കും. ഒപ്പം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും കൺട്രോള് റൂമിലേക്കും പ്രദേശത്തിന്റെ മാപ്പും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങളും ഉണ്ടാകും. ഒരു തവണ പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ളവർ ഈ ക്യാമറയ്ക്ക് മുന്നിൽ പോയാൽ അലാം മുഴങ്ങുകയും ചെയ്യും. പ്രാധാനമായും ധനകാര്യ സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ദൃശ്യങ്ങള്‍ മൂന്ന് മാസം വരെ സൂക്ഷിക്കാനാകുന്ന രീതിയിലാണ് സിഐഎംസ് ഒരുക്കിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി സ്ഥാപിക്കാനാകുന്ന ഫേസ് റെക്ഗനീഷൻ ക്യാമറാ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. 30000 രൂപയാണ് നിലവിൽ സിഐഎംഎസ് സ്ഥാപിക്കാൻ പ്രതീക്ഷിക്കുന്ന ചെലവ്. പ്രതിമാസം 400 രൂപയാണ് സർവീസ് ചാർജ്. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.