തിരുവനന്തപുരം: തലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഭൂമി കയ്യേറ്റം. തിരുവനന്തപുരം താലൂക്കില്‍ മാത്രം പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് കയ്യേറ്റം നടത്തിയത് അഞ്ചിടത്ത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ വെളിവായത് നഗ്നമായ നിയമലംഘനമാണ്.

കേരളമെങ്ങും തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഭൂമി കയ്യേറ്റങ്ങളുടെ കണക്കെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത്, കണ്ണായ പ്രദേശങ്ങളിൽ പ്രമുഖ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ കയ്യേറ്റങ്ങളെക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചത്. 

ആദ്യം തിരുവനന്തപുരം ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസ് പരിസരത്തെ പുറമ്പോക്കിലേക്ക്. സെന്‍റിന് കോടികള്‍ വിലയുളള പ്രദേശം. കയ്യേറ്റം സിപിഎം വക. ഒറ്റനോട്ടത്തിൽ പുറമ്പോക്കെന്ന് വ്യക്തമാവുന്ന പ്രദേശത്ത് നേരത്തേ ഒരു ചായക്കടയാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ ഇപ്പോൾ സിപിഎമ്മിന്‍റെ സംഘടനയുടെ ഓഫീസാണ്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശവാസിയായ ഒരു സ്ത്രീ ഇവിടെ തട്ടുകട നടത്തിയിരുന്നു. ഇവരെ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചെങ്കിലും ഇവരുടെ അപേക്ഷയെത്തുടര്‍ന്ന് മാനുഷിക പരിഗണന നല്‍കി കട നടത്താന്‍ ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകര്‍ താല്‍ക്കാലിക അനുമതി നല്‍കി. എന്നാല്‍ ഇവര്‍ മരിച്ചതോടെ ഇവിടം സിപിഎമ്മിന്‍റെ പ്രാദേശിക ഓഫീസായി. അടിത്തറ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനുളള നീക്കങ്ങളും സജീവം.

'ഇവിടെ കുറച്ചു കാലം സിപിഎമ്മുകാര് വായനശാല നടത്തി. ഇപ്പോ അവിടെ അവരാണ്' - പ്രദേശവാസി പറയുന്നു.

 

കയ്യേറ്റം കോൺഗ്രസ് വകയും

കടകംപളളി വില്ലേജിലെ മേനംകുളത്ത് സെന്‍റിന് ലക്ഷങ്ങള്‍ വിലയുളള പ്രദേശം. പാതയോരം കയ്യേറി ഐഎന്‍ടിയുസി കെട്ടിടം നിര്‍മിച്ചിരിക്കുന്നു. ഒരു വട്ടം റവന്യൂ കെട്ടിടം പൊളിച്ചു മാറ്റിയെങ്കിലും നാളുകള്‍ക്കകം വീണ്ടുമുയര്‍ന്നു അതേ സ്ഥലത്ത് പുതിയ കെട്ടിടം. എന്നാല്‍ കയ്യേറ്റം അറിഞ്ഞില്ലെന്നാണ് ഐഎന്‍ടിയുസി നേതൃത്വത്തിന്‍റെ വാദം.

'ലക്ഷക്കണക്കിന് വിലയുള്ള ഭൂമി യുവജനസംഘടനകളോ പാർട്ടിയോ കയ്യേറുന്നത് അഭിലഷണീയമല്ലെന്ന്' ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പ്രതാപൻ. 

മുട്ടത്തറയിലെ സിഐടിയു ഓഫീസ് നിര്‍മിക്കുന്നതാകട്ടെ കെഎസ്ഇബി ഭൂമി കയ്യേറിയാണ്. റവന്യൂ വകുപ്പ് വിവാരവാകശ നിയമ പ്രകാരം നല്‍കുന്ന മറുപടിയനുസരിച്ച് സിഐടിയു അടക്കമുളള സംഘടനകളുടെ പേരില്‍ വേറെയുമുണ്ട് കയ്യേറ്റങ്ങള്‍. കയ്യേറ്റങ്ങളെക്കുറിച്ച് സിഐടിയുവിന്‍റെ പ്രതികരണം ഇങ്ങനെ.

'വേറെ ആവശ്യങ്ങൾ മുടങ്ങുന്നില്ലെങ്കിൽ അത് അങ്ങനെയിരിക്കും. പക്ഷേ സർക്കാരിന് എന്തെങ്കിലും ആവശ്യം വരുമ്പോൾ, അതായത്, റോഡ് വീതി കൂട്ടുകയോ മറ്റോ വേണമെങ്കിൽ അപ്പോൾ അത് പൊളിച്ചുമാറ്റുമെന്ന്' സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ.

ഇത്തരം നിരവധി ഭൂമി കയ്യേറ്റങ്ങളുടെ കണക്കുകൾ റവന്യൂ വകുപ്പിന്‍റെ കൈവശമുണ്ട്. സർക്കാർ ഇതിൽ എന്ത് നടപടിയെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.