തിരുവനന്തപുരം: കോവിഡ് രോഗപ്പകർച്ചയുടെ അടുത്തഘട്ടം സമൂഹവ്യാപനമെന്ന് മുഖ്യമന്ത്രി. ഈ വർഷം അവസാനത്തോടെ രോഗനിയന്ത്രണം സാധ്യമാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുളള തിരുവനന്തപുരത്ത് ഇന്ന് 201 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പർക്കത്തിലൂടെയുളള രോഗബാധ അനുദിനം ഉയരുന്നതും ആശങ്കയാകുകയാണ്. ഇന്ന് ആകെ രോഗം സ്ഥിരീകരിച്ച 608 പേരിൽ 67 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് രോഗമുണ്ടായ 201 പേരിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 

പൂന്തുറ, പെരുങ്കടവിള കോട്ടയ്ക്കൽ, വെങ്ങാനൂർ, പുല്ലുവിള ക്ലസ്റ്ററുകളിലാണ് കൂടുതൽ രോഗബാധ. തീരദേശത്തെ അതിതീവ്ര മേഖലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 57 പേർക്കാണ്. പുല്ലുവിളയിൽ  19 പേർക്കും പാറശ്ശാലയിൽ 11 പേർക്കും പൂവച്ചലിൽ 9 പേർക്കും കോട്ടയ്ക്കലിൽ 8 പേർക്കും പെരുമാതുറയിൽ 9 പേർക്കും സന്പർക്കത്തിലൂടെ രോഗമുണ്ടായി. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 661 പേരിൽ 549 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ജില്ലയിൽ ഇപ്പോൾ 794 പേരാണ് ചികിത്സയിലുളളത്.