തിരുവനന്തപുരം: മുസ്ലിംലീഗിനെ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ വിമർശിച്ചത് ജമാ അത്തെ ഇസ്ലാമിയെന്ന വർഗീയശക്തിയുമായി കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിച്ചതിന്‍റെ പേരിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാഷ്ട്രീയപാർട്ടിയെന്ന നിലയിലാണ് ലീഗിനെ വിമർശിച്ചത്. ഒരു പാർട്ടി മറ്റൊരു പാർട്ടിയെ വിമർശിച്ചെന്നൊക്കെ വരും. ശബരിമല വിഷയം എല്ലാ തെരഞ്ഞെടുപ്പടുക്കുമ്പോഴും എടുത്തിട്ടാൽ വോട്ട് കിട്ടുമെന്നാണ് യുഡിഎഫിന്‍റെ വിചാരമെന്നും പിണറായി പരിഹസിച്ചു. അതേസമയം, ശബരിമല വിഷയത്തിൽ ഇനിയൊരു നിലപാടെടുക്കേണ്ടി വന്നാൽ, അത് പൊതുസമൂഹത്തിലെ വിവിധ വിഭാഗങ്ങളോട് കൂടിയാലോചിച്ച് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് ശ്രദ്ധേയമായി. 

''ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിലാണ് മുസ്ലീംലീ​ഗിനെ വിമർശിക്കുന്നത്. അതിനെ ഏന്തെങ്കിലും രീതിയിൽ വർ​ഗീയമായി കാണേണ്ടതില്ല. ഇവിടെ ജമാ അത്താ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാൻ മുൻകൈയ്യെടുത്തത് ലീ​ഗാണ്. അതു പൊതുസമൂഹത്തിന്‍റെ വികാരത്തിന് എതിരാണ്. ഇവിടെ ഇങ്ങനെയൊരു ശക്തിയെ അവർ ഒപ്പം കൂട്ടി. അതിനെ ചൊല്ലി യുഡിഎഫിൽത്തന്നെ രണ്ട് അഭിപ്രായമുണ്ടായി. ജമാ അത്താ ഇസ്ലാമിയുമായി അവർ ഇപ്പോൾ വീണ്ടും രാഷ്ട്രീയ ബാന്ധവത്തിനായി ശ്രമിക്കുകയാണ്. അതിനെയാണ് ഇപ്പോൾ ഞങ്ങൾ വിമർശിക്കുന്നത്. ലീ​ഗിനെ വിമർശിച്ചാൽ അതിൽ എന്താണ് വർ​ഗീയത?'', പിണറായി ചോദിക്കുന്നു.

''നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വർഗ്ഗീയ ശക്തികളുമായി സമരസപ്പെടുന്നത് നാടിന് നല്ലതല്ല. അതാണ് പക്ഷേ യുഡിഎഫ് ചെയ്യുന്നത്. നാം കാണേണ്ട വസ്തുത കേരളത്തിലെ ബഹുജനങ്ങളിൽ മഹാഭൂരിഭാ​ഗം മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ഞങ്ങൾ അവർക്കൊപ്പമാണ്. തെറ്റായ മാർഗ്ഗത്തിലൂടെ താത്കാലികലാഭമുണ്ടാക്കാൻ വർ​ഗീയമായി സമരസപ്പെടുന്നവരും നീക്കുപോക്കുണ്ടാക്കുന്നവരും നാടിന് തന്നെ ഹാനികരമായ സ്ഥിതിയാണ് ഉണ്ടാക്കുന്നത്'', എന്ന് മുഖ്യമന്ത്രി.

ശബരിമലയിലെ സ്ഥിതിയൊക്കെ സാധാരണനിലയിലാണെന്നും, സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച ശേഷം അവിടെയൊരു പ്രശ്നവും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴാണ്, ശബരിമല എടുത്തിട്ടാൽ നാല് വോട്ട് കിട്ടുമെന്ന് ചിലർക്ക് തോന്നിയത് എന്ന് മുഖ്യമന്ത്രി. 

''ശബരിമലയുടെ കാര്യത്തിൽ നേരത്തെ സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പിന്നീട് സുപ്രീംകോടതി തന്നെ ആ വിധി റിവ്യൂ ചെയ്യാൻ തീരുമാനിച്ചു. ശബരിമലയിൽ സ്ഥിതി സാധാരണ ​ഗതിയിലാണ് കാര്യങ്ങളൊക്കെ സാധാരണ നിലയിൽ പുരോ​ഗമിക്കുന്നത്. ഇപ്പോൾ അവിടെ എന്തേലും പ്രശ്നമുണ്ടോ ? സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച ശേഷം എന്തേലും പ്രശ്നം ശബരിമലയിൽ ഉണ്ടായോ? അപ്പോഴാണ് യുഡിഎഫിലെ ചിലർക്ക് ശബരിമല വിഷയം എടുത്തിട്ടാൽ കുറച്ചു വോട്ടു കിട്ടും എന്നു തോന്നിയത്. കോടതിവിധി വന്നാലാണ് ഇനി ‍ഞങ്ങൾക്ക് റോൾ വരുന്നത്. ആ ഘട്ടത്തിൽ മാത്രമേ സർക്കാർ നിലപാട് എടുക്കേണ്ട കാര്യമുള്ളൂ. ഇപ്പോൾ അതിൽ തന്നെ ഒരു വിവാദവും ഉണ്ടാക്കാൻ ഞങ്ങൾ നിൽക്കേണ്ട കാര്യമില്ല. എല്ലാവരുമായും കൂടിയാലോചിക്കേണ്ട സമയം ഇതല്ല. ഇപ്പോൾ അവിടെ ഒരു പ്രശ്നവുമില്ല. പിന്നെ എന്താണ് ശബരിമലയിൽ ചെയ്യേണ്ടത്? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, അതല്ലെങ്കിൽ, സുപ്രീംകോടതിയിൽ നിന്നും ഒരു വിധി വരുന്നുവെങ്കിൽ അപ്പോൾ ചർച്ച ചെയ്യാം. സുപ്രീംകോടതിയിൽ നിന്നും ചർച്ച ചെയ്യേണ്ടതായ ഒരു വിധി വന്നാൽ അപ്പോൾ പൊതുസമൂഹത്തിന്‍റെ അഭിപ്രായം ആരായാം. ഞങ്ങൾ ഇപ്പോ നിയമം കൊണ്ടു വരും എന്നു പറഞ്ഞു നടന്നവരില്ലേ? എന്നിട്ട് എവിടെ നിയമം? ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനാണ് ശ്രമം. തദ്ദേശതെരഞ്ഞെടുപ്പിലും ശബരിമല വലിയതോതിൽ പ്രചാരണ വിഷയമാക്കി മാറ്റാൻ തീരുമാനിച്ചു. എന്നിട്ടു ജനം അതു വല്ലതും കേട്ടോ? സുപ്രീംകോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കേണ്ട ഘട്ടത്തിൽ സുവ്യക്തമായ ഒരു നിലപാട് പൊതുസമൂഹത്തോട് കൂടിയാലോചിച്ച് സർക്കാർ എടുക്കും'', എന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.