തിരുവനന്തപുരം: നേരത്തേയുണ്ടായിരുന്ന കോലീബി സഖ്യം സംസ്ഥാനത്ത് വീണ്ടും വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ആദ്യം പറയുന്നു, പിന്നെ കോണ്‍ഗ്രസ് പറയുന്നു. അല്ലെങ്കില്‍ കോണ്‍ഗ്രസ് ആദ്യം പറയുന്നു പിന്നെ ബിജെപി പറയുന്നു, ഇതാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

പറച്ചിലില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും ഒരുപോലെയാണെന്നും നേരത്തേ ഉണ്ടായിരുന്ന കോലിബി സംഘ്യം വീണ്ടും വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്പരം ആക്രമിക്കാന്‍ കഴിയാത്ത നിലയാണ് ഇരുകൂട്ടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം ആവശ്യപ്പെടാത്ത കോണ്‍ഗ്രസ് നടപടിയില്‍ അസ്വാഭാവികതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റെ നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.