ഒടുവിൽ മുഖ്യമന്ത്രി അംഗീകരിച്ചു, സെക്രട്ടേറിയറ്റിലെ സ്പഷൽ സെക്രട്ടറിയും കെ സി വേണുഗോപാലിനോട് അടുപ്പമുള്ളയാളുമായ ശരത് ചന്ദ്രൻ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ആവശ്യം ഉന്നയിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത്.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി. മന്ത്രി നിര്‍ദ്ദേശിച്ച സി എസ് ശരത് ചന്ദ്രനെ പിഎസ് ആയി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. കഴിഞ്ഞ ദിവസം ദില്ലിയിൽ കെസി വേണുഗോപാലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒടുവിൽ മുഖ്യമന്ത്രി അംഗീകരിച്ചു, സെക്രട്ടേറിയറ്റിലെ സ്പഷൽ സെക്രട്ടറിയും കെ സി വേണുഗോപാലിനോട് അടുപ്പമുള്ളയാളുമായ ശരത് ചന്ദ്രൻ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ആവശ്യം ഉന്നയിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ശരതിന്‍റെ പേര് നിര്‍ദ്ദേശിച്ചു. ഓഫീസ് വഴിയും ആവശ്യപ്പെട്ടു. തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഒന്നിലധികം തവണ മുഖ്യമന്ത്രിയോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നിട്ടും തീരുമാനമാകാതിരുന്ന പ്രൈവറ്റ് സെക്രട്ടറി നിയമനം മുഖ്യമന്ത്രിയുടെ ദില്ലി യാത്രയ്ക്ക് പിന്നാലെയാണ് തീരുമാനമാകുന്നതെന്നാണ് ശ്രദ്ധേയം.

എംഎൽഎ ആയിരുന്നപ്പോള്‍ കെസി വേണുഗോപാലിന്‍റെ പിഎ ആയിരുന്നു ശരത് ചന്ദ്രൻ. ടൂറിസം മന്ത്രി ആയപ്പോള്‍ പേഴ്സണൽ സ്റ്റാഫിലുമുണ്ടായിരുന്നു. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന നേതാക്കള്‍ കത്ത് നൽകിയിട്ടുണ്ടെന്നാണ് ശരത്തിന്‍റെ നിയമനം വൈകിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. അനുമതി വൈകിയെങ്കിലും പകരം ആരുടെയും പേര് മന്ത്രി നിര്‍ദ്ദേശിച്ചില്ല. പിഎസ് സ്ഥാനം ഒഴിച്ചിടാനായിരുന്നു ആലോചന. കത്തിടപാടുകള്‍ക്കുള്ള പ്രശ്നം തീര്‍ക്കാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ ആലോചിച്ചു. പി എസ് നിയമനത്തിന് അപ്പുറം കോണ്‍ഗ്രസിനുള്ളിൽ തര്‍ക്കവിഷയമായി മാറിയതിനിടെയാണ് ശരത്തിനെ നിയമിക്കുന്നത്.