Asianet News MalayalamAsianet News Malayalam

Waqaf : വഖഫ് വിഷയത്തിൽ സമസ്തയെ അനുനയിപ്പിച്ച് സർക്കാർ, ബില്ലിൽ വിശദമായ ചർച്ചയെന്ന് ഉറപ്പ്

വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാറിൻറെ പിന്മാറ്റം.  

CM made a direct pact with Samastha In waqf board issue
Author
Thiruvananthapuram, First Published Dec 7, 2021, 1:59 PM IST
  • Facebook
  • Twitter
  • Whatsapp

കോഴിക്കോട്/തിരുവനന്തപുരം:  വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. നിയമനം പിഎസ്.സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാറിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ശുപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും  സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു.

വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാറിൻറെ പിന്മാറ്റം.  നിയമസഭ  ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ  പി.എസ്.സിക്ക് വിടാനുള്ള തീരുമാനം നവംബർ 9ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പിന്നോട്ടില്ലെന്ന് ഇതുവരെ ആവർത്തിച്ച മുഖ്യമന്ത്രി സമസ്തയുമായുള്ള ചർച്ചക്ക് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ  സർക്കാറിന് പിടിവാശിയില്ലെന്ന് വ്യക്തമാക്കി.  

പിഎസ് സി നിയമനത്തിൽ  വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ല എന്നും പ്രത്യേകം വിശദീകരിക്കാനും സർക്കാർ ശ്രമിക്കുന്നു.   സംയുക്ത സമര സമിതിയിൽ നിന്നും സമസ്തയെ മാത്രമായി ക്ഷണിച്ചാണ് തീരുമാനത്തിൽ നിന്നുള്ള പിന്നോട്ട് പോകൽ സർക്കാർ പ്രഖ്യാപിച്ചത്. 

വഖഫ് ബോർഡിന് വിട്ടാൽ മുസ്ലിം വിഭാഗത്തിലല്ലാത്തവർക്കും വഖഫ് ബോർഡിൽ നിയമനം കിട്ടുമെന്ന പ്രചാരണവും നേതാക്കൾ മുഖ്യമന്തിയുടെ ശ്രദ്ധയിൽപ്പെടുത്തി.  ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് നൽകിയ മറുപടി. ചുരുക്കത്തിൽ സമുദായ പിന്തുണയോടെ വൻ രാഷ്ട്രീയ സമരമായി മാറിയേക്കാമായിരുന്ന ഒന്നിലാണ് സർക്കാർ പ്രബല പണ്ഡിതസഭയെ കൂട്ടുപിടിച്ച് തൽക്കാലം പരിക്കുകളൊഴിവാക്കിയത്.  നിയമനം പിഎസ് സി ക്ക് വിടുന്നതിൻറെ ഭാഗമായി സർക്കാർ ഇനി പ്രത്യേക ചട്ടങ്ങൾ തയ്യാറാക്കില്ല, പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡെ് അടക്കമുള്ള ബദൽ നടപടികൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിലാകും പരിഗണിക്കും.

വിഷയത്തിൽ വിവിധ നേതാക്കളുടെ പ്രതികരണം - 

വി.അബ്ദുറഹ്മാൻ (മന്ത്രി) -  നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനമെടുത്തത് വഖഫ് ബോർഡാണ്. ഇക്കാര്യത്തിൽ സമസ്ത കാണിച്ചത് മഹാമനസ്കതയാണ്. വഖഫ് പ്രശ്‍നം രാഷ്ട്രീയമായി കാണരുത്. മുസ്ലീംലീഗ് അത് മനസ്സിലാക്കണം. മുസ്ലീംലീഗിന്റെ സമരം രാഷ്ട്രീയ ലക്ഷ്യംവച്ചാണ്. സമസ്തക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ വാതിൽ തുറന്നിട്ടു കഴിഞ്ഞു.  ഇനി ഇടനിലയായി മറ്റൊരു രാഷ്ട്രീയ പാർട്ടി വേണ്ട. മുസ്ലീംലീഗ് ഇനി വിലപേശൽ നിർത്തണം. 

വിഡി സതീശൻ (പ്രതിപക്ഷനേതാവ്) - വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗിനെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമമുണ്ടായി. വഖഫ് ബോർഡ് 
നിയമനത്തിന് പ്രത്യേക ബോർഡ് വേണം.  ഇക്കാര്യത്തിൽ ഇപ്പോൾ ബോധോദയമുണ്ടായത് നല്ല കാര്യമാണ്. ഇതോടെ യുഡിഎഫിൻ്റെ അഭിപ്രായം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 

സാദിഖലി ശിഹാബ് തങ്ങൾ (മുസ്ലീംലീഗ്) - നിയമം പിൻവലിക്കാതെ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ല.  വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് നിയമസഭയിൽ പാസ് ആക്കിയ ബില്ലിൻ്റെ അടിസ്ഥാനത്തിലാണ്. ഈ നിയമം സഭയിൽ തന്നെ പിൻവലിക്കണം. മുസ്ലീംലീഗ് നടത്താൻ തീരുമാനിച്ച വഖഫ് സംരക്ഷണ റാലിയിൽ മാറ്റമില്ല. നിയമനം പൂർണമായും പിൻവലിക്കുന്നത് വരെ സമരം തുടരും. ഇതു ലീഗിൻ്റെ മാത്രം ആവശ്യമല്ല. മുസ്ലിം സമുദായത്തിന്റെ ആകെയുള്ള ആവശ്യമാണ്.

എം.കെ.മുനീർ (മുസ്ലീംലീഗ്) - പ്രഖ്യാപിച്ച സമരത്തിൽ നിന്നും മുസ്ലീംലീഗ് പിന്നോട്ടില്ല. ലീഗിന്റെ നിലപാട് ലീഗ് പറയും. മറ്റൊരു സംഘടനയുടെ പിന്തുണ നോക്കിയല്ല ലീഗ് സമരം നടത്തുന്നത്. ലീഗിന്റെ ശക്തി എന്തെന്ന് വ്യാഴാഴ്ച കോഴിക്കോട് കാണാം

എൻ.ഷംസുദ്ദീൻ (മുസ്ലീംലീഗ്) - മുഖ്യമന്ത്രിയുടേത് കുതന്ത്രമാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണിത്. വഖഫ് ബോർഡ് നിയമനബിൽ പിൻവലിക്കുന്നത് വരെ സമരം തുടരും. വിഷയത്തെ നിയമപരമായി നേരിടും. നിയമസഭക്ക് അകത്ത് പോരാട്ടം തുടരും. ബില്ലിൽ ചർച്ച നടത്തുന്നതിൽ കാര്യമില്ല, മറ്റൊരു ബില്ല് കൊണ്ട് വന്ന് ഭേദഗതികൾ പിൻവലിക്കണം

അബ്ദുൾ ഹക്കിം അസ്ഹരി (എസ്.വൈ.എസ് അധ്യക്ഷൻ - കാന്തപുരം വിഭാഗം) -  വഖഫ് വിഷയത്തിൽ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയതാണ്.  നിയമനങ്ങളിൽ സുതാര്യത വേണം. പിൻവാതിൽ നിയമനം നടക്കുന്നുണ്ട്. ഇതു പാടില്ല. നഷ്ടപ്പെട്ട വഖഫ് സ്വത്ത് തിരിച്ച് പിടിക്കാനുള്ള നടപടിയുണ്ടാവണം. വഖഫ് റിക്രൂട്ട്മെന്റിന് സുതാര്യമായ വ്യവസ്ഥകൾ വേണം. സ്വകാര്യ നിയമനങ്ങളിലൂടെ വഖഫ് ബോർഡിൽ ആളുകളെ തിരുകിക്കയറ്റുന്ന അവസ്ഥയുണ്ടായി. ഇത് സുന്നി സ്വത്തുക്കൾ നഷ്ടപ്പെടാൻ കാരണമായി. വഖഫ് സ്വത്തുക്കൾ വ്യത്യസ്ത ആശയക്കാരായ പലരും കയ്യേറി. ഇത്തരം വഖഫ് സ്വത്തുക്കൾ സുന്നികൾക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ട്. വഖഫ് ചെയ്ത ഭൂരിപക്ഷം സ്വത്തുക്കളും കയ്യേറിയത് സലഫികളാണ്. കോഴിക്കോട് നഗരത്തിൽ മാത്രം പതിനൊന്ന് പള്ളികളുടെ സ്വത്ത് ഈ രീതിയിൽ അന്യാധീനപ്പെട്ടു. 

Follow Us:
Download App:
  • android
  • ios