Asianet News MalayalamAsianet News Malayalam

സത്യപ്രതിജ്ഞ 20 ന്, വൈകിച്ചത് ജനപങ്കാളിത്തം ഉറപ്പാക്കാൻ, 500 പേർ പങ്കെടുക്കും, വലിയ സംഖ്യ അല്ല: മുഖ്യമന്ത്രി

മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങിൽ 500 വലിയ എണ്ണം അല്ല. 21 മന്ത്രിമാ‍ർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ​ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോ​ഗസ്ഥർ ഇവരെല്ലാം ഉണ്ടാവും. 

cm pinarayi about ldf government oath taking ceremony
Author
Thiruvananthapuram, First Published May 17, 2021, 6:56 PM IST

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ‌ 500 പേർ മാത്രം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് മഹാമാരി കണക്കിലെടുത്ത് ആഘോഷം ഒഴിവാക്കുന്നു. 500 ഇത്തരം ഒരു കാര്യത്തിന് വലിയ സംഖ്യ അല്ല. കഴിഞ്ഞ സത്യപ്രതിജ്ഞ 40000 പേരുടെ സാന്നിധ്യത്തിൽ ആയിരുന്നു. 140 എംഎൽഎമാരും, കേരളത്തിൽ നിന്നുള്ള എംപിമാരും ഉണ്ട്. അവരെ ഒഴിവാക്കാൻ ആകില്ല. ന്യായാധിപന്മാർ, അനിവാര്യരായ ഉദ്യോഗസ്ഥർ. മാധ്യമ പ്രവർത്തകർ എന്നിവരെയും ഒഴിവാക്കാൻ ആകില്ല. 3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭചടങ്ങിൽ 500 വലിയ എണ്ണം അല്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകൾ....

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർമുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്ക് നടുവിലാണ് അധികാരമേൽക്കേണ്ടത്. പക്ഷേ നിർഭാ​ഗ്യവശാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. അരലക്ഷത്തോളം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണെങ്കിലും പരമാവധി അഞ്ഞൂറ് പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാ​ഗമായിട്ടുണ്ടാവുക. അഞ്ച് വർഷം മുൻപ് 40000 പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇപ്പോൾ ചുരുക്കുന്നത്. അഞ്ഞൂറ് പേരിൽ 140 എംഎൽഎമാരും 29 എംപിമാരും ഉൾപ്പെടും. ഇതോടൊപ്പം ബഹുമാനപ്പെട്ട ന്യായാധിപൻമാരേയും അനിവാര്യരായ ഉദ്യോ​ഗസ്ഥരേയും ചടങ്ങിലേക്ക് ക്ഷണിക്കും. ഇതോടൊപ്പം ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളേയും പരിപാടിയിലേക്ക് പ്രവേശിപ്പിക്കും. 

3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങിൽ 500 വലിയ എണ്ണം അല്ല. 21 മന്ത്രിമാ‍ർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ​ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോ​ഗസ്ഥർ ഇവരെല്ലാം ഉണ്ടാവും. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ എന്ന് കേൾക്കുമ്പോൾ ജന സമുദ്രമായിരിക്കും ചിലരുടെ മനസ്സിൽ അതല്ല വേണ്ടത്. ഒരു വലിയ തുറസായ സ്ഥലം ഇങ്ങനെയൊരു പരിപാടിക്ക് ആവശ്യമാണ്. നല്ല നിലയിൽ വായുസഞ്ചാരവും സ്ഥലവും വേണം. അതിനാലാണ് സ്റ്റേഡിയത്തെ പരിപാടിക്കുള്ള വേദിയായി തെരഞ്ഞെടുത്തത്. ഭരണഘടനാ പദവി വഹിക്കുന്നവർ, പ്രോട്ടോക്കോൾ പ്രകാരം ഒഴിവാക്കാനാവാത്തവർ, ഇതോടൊപ്പം സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളുടെ പ്രതിനിധികൾ. ഈ വിധം പരിപാടി ചുരുക്കുമ്പോൾ ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ് സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി. ഈ പരിമതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നുവെന്ന് ‍ഞങ്ങൾക്കറിയാം. ഇടതുമുന്നണിക്ക് ചരിത്രവിജയം നൽകി രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്ന പോലെ സാധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവച്ചതും ഏറെ മുന്നോട്ട് പോയതുമായ ക്ഷേമപദ്ധതികൾ തുടരാൻ വിധി എഴുതിയവരാണ് നിങ്ങൾ. നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ല ഒരു സ്റ്റേ‍ഡിയവും. 

കൊവിഡ് മഹാമരി മൂലം നിയുക്ത ജനപ്രതിനിധികൾക്ക് വോട്ടർമാരെ കണ്ട് നന്ദി പറയാൻ പോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിന്റെ പ്രത്യേകത മൂലം വരാൻ ആ​ഗ്രഹിച്ചിട്ടും അതിന് സാധിക്കാതിരുന്ന ജനതയെ ഈ ഘട്ടത്തിൽ അഭിവാദ്യം ചെയ്യുന്നു. ജനകീയ സർക്കാർ അധികാരമേൽക്കുമ്പോൾ അതിനെ ആഘോഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ മഹാമാരി മാറും, അതിൻ്റെ തീവ്രത കുറയും ആ ഘട്ടത്തിൽ രണ്ടാമൂഴത്തിൻ്റെ വിജയം നാം ഒന്നിച്ചു നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോ​ഗാതുരതയുുടെ കാ‍ർമേഘം അകന്നു പോവുകയും സുഖസന്തോഷത്തിൻ്റെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന് വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചയാണ് ഇന്നത്തെ അസൗകര്യങ്ങളെല്ലാം. 

നാട്ടിലുള്ളവർ മുതൽ പ്രവാസി സഹോദരങ്ങൾ വരെ സത്യപ്രതിജ്ഞാ ചടങ്ങിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നറിയാം. സത്യപ്രതിജ്ഞയ്ക്ക് വേണ്ടി മാത്രം വിദേശത്ത് നിന്നും വരാൻ നിന്ന നൂറുകണക്കിന് ആളുകളുണ്ട്. വിദൂര ദിക്കുകളിൽ നിന്നും തിരുവനന്തപുരത്തേക്ക് വരാൻ നിന്നവരുണ്ട്. അവരുടെയൊന്നും ആത്മാർത്ഥ സ്നേഹത്തിന് വാക്കുകളാൽ നന്ദി പറയാനാവില്ല. ദൃശ്യമാധ്യമങ്ങളിലൂടെ ചടങ്ങുകൾ കണ്ട് സത്യപ്രതിജ്ഞയിൽ നേരിട്ട് പങ്കെടുത്തതായി കരുതണം എന്ന് അഭ്യർത്ഥിക്കുന്നു. 

ജനാധിപത്യവും മതനിരപേക്ഷതയും ഈ നാട്ടിൽ എക്കാലവും പുലരണം എന്ന് ആ​ഗ്രഹിക്കുന്നവർ ഈ സർക്കാർ അധികാരത്തിൽ വരാൻ അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട്. ഒരുപാട് സഹിച്ചവരും കടുത്ത യാതനകളിലൂടെ കടന്നു പോയവരുണ്ട്. കൊവിഡിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് രം​ഗത്തിറങ്ങയിവരുണ്ട്. അവരോടൊക്കെ ഒന്നു പറയട്ടെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായശേഷം നമ്മുക്കെല്ലാം ഒന്നിച്ചു നിന്ന് ആഘോഷിക്കാൻ സാധിക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് വരുന്നവർ 2.45-ന് മുൻപായി വേദിയിൽ എത്തണം. അതിഥികളെല്ലാം 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ആർടിപിസിആർ, ആൻ്റിജൻ, ട്രൂനാറ്റ് പരിശോധനാ ഫലം കൈയിൽ കരുതണം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ് കൈയിലുണ്ടായാലും മതി. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും ഡബിൾ മാസ്ക് ധരിക്കണം.

സത്യപ്രതിജ്ഞ ചടങ്ങിൽ ആളുകൾ വിശാലമായിട്ടാണല്ലോ ഇരിക്കുക. വിപുലമായ സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്. ശാരീരിക അകലം കൃത്യമായി പാലിച്ചുൃപോകും. ഒരിടത്തും ഒരു തിരക്കും അനുഭവപ്പെടില്ല. കൃത്യമായി ആളുകൾക്ക് വന്നുപോകാനുള്ള സൗകര്യങ്ങളാണ് അവിടെയുണ്ടാകുക. ഇതൊരു ചരിത്രവിജയമാണ്. ആ ചരിത്രവിജയത്തിന്റെ ഭാ​ഗമായുള്ള സത്യപ്രതിജ്ഞാ ചടങ്ങ്, അത് എക്കാലത്തും ഒർമ്മിക്കത്തക്ക വിധത്തിലുള്ള ഒന്ന് തന്നെയാവണം. അത് ആഘോഷപൂർവമല്ല, പക്ഷേ അതിന്റെ ദൃശ്യത്തിലൂടെ എല്ലാവർക്കും അത് ശരിയായ രീതിയിൽ ആസ്വദിക്കാനാകണം. ആ മട്ടിലുള്ള കരുതലോടെയുള്ള രം​ഗമാണ് ഒരുക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios