തിരുവനന്തപുരം: കേന്ദ്രവിരുദ്ധ തുടർ സമരങ്ങൾക്ക് അന്തിമ രൂപം നൽകി സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. കേരളത്തിലെ ഗവർണർ-സർക്കാർ പോരിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ഉയർത്താനാണ് സിപിഎം പദ്ധതി. കേന്ദ്രകമ്മിറ്റി ശേഷം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയവിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകുമോ എന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട്.

പൗരത്വ വിഷയം ഉയർത്തിയുള്ള കേന്ദ്ര വിരുദ്ധ നീക്കങ്ങളിൽ തുടരെ തുടരെ സർക്കാരിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഗവർണർ, മറുപടി പറയാതെ മുഖ്യമന്ത്രി, ഇനി എല്ലാ കണ്ണുകളും പുത്തരിക്കണ്ടം മൈതാനത്തേക്കാണ്. ഗവർണർ-സർക്കാർ പോരിൽ ഈ ദിവസം കേരള രാഷ്ട്രീയത്തിലെ സൂപ്പർ സണ്ടെ ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ചേരുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ യെച്ചൂരിക്കൊപ്പം മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ അംഗങ്ങളുടെ ചർച്ചപൂർത്തിയായി. ഇന്ന് സീതാറാം യെച്ചൂരി ചർച്ചക്ക് മറുപടി നൽകും. പൗരത്വ പ്രശ്നത്തിലെ തുടർ സമരങ്ങൾക്കും അന്തിമ രൂപമാകും.

യുഡിഎഫിനെ ഒപ്പം കൂട്ടിയുള്ള സംയുക്ത പ്രതിഷേധം അടക്കം കേരള സർക്കാരിന്‍റെ നീക്കങ്ങളെ പ്രകീർത്തിച്ച കേന്ദ്രകമ്മിറ്റി ദേശീയ തലത്തിലും യോജിച്ച സമരത്തിനാണ് മുൻതൂക്കം നൽകുന്നത്. ഒപ്പം തനതായ പരിപാടികൾ വേണമെന്നും നിർദ്ദേശമുണ്ട്. കേന്ദ്രസർക്കാരിന്‍റെ വികലമായ സാമ്പത്തിക നയങ്ങൾ,സംസ്ഥാനങ്ങൾക്ക് മേൽ അധികാര പ്രയോഗങ്ങൾ എന്നിവയിലും സിപിഎം ഊന്നൽ നൽകുന്നു.

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ കേന്ദ്ര കമ്മിറ്റിയിൽ പ്രമേയം വന്നേക്കും. പൗരത്വ വിഷയത്തിലെ പ്രശംസാ പ്രവാഹത്തിൽ കേരളത്തിലെ സിപിഎം അംഗങ്ങളായിരുന്ന രണ്ട് യുവാക്കൾക്കെതിരായ യു എ പി എ വിവാദം കേന്ദ്രകമ്മിറ്റിയിൽ ഉയർന്നില്ല. യു എ പി എയില്‍ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായുള്ള നടപടി സിപിഎം നേതൃത്വം നൽകുന്ന കേരളസർക്കാർ സ്വീകരിച്ചതില്‍ പുറമെ വിമർശനം ശക്തമാകുമ്പോഴും പാർട്ടി കേന്ദ്രഘടകത്തിൽ ചർച്ചയാകാത്തത് ശ്രദ്ധേയമാണ്.