Asianet News MalayalamAsianet News Malayalam

കേരളീയം വൻ വിജയം, പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം; 2-ാം കേരളീയത്തിന് ഒരുക്കം തുടങ്ങിയെന്ന് മുഖ്യമന്ത്രി

മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

CM Pinarayi Vijayan on Keraleeyam success and second edition kgn
Author
First Published Nov 8, 2023, 6:14 PM IST

തിരുവനന്തപുരം: കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്കാരവും വിളിച്ചോതിയ ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും പറഞ്ഞു. മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ് കേരളീയത്തിനെതിരായ പ്രതിപക്ഷ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങള്‍, ഫെഡറല്‍ ഘടന, പാര്‍ലമെന്‍ററി ജനാധിപത്യം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ നവകേരളം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ കേരള സമൂഹം മുന്നില്‍ നില്‍ക്കുമെന്ന പ്രഖ്യാപനമായിരുന്നു കേരളീയം. എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായ ജനമനസ്സിന്‍റെ ഒരുമ കേരളീയം ഊട്ടിയുറപ്പിച്ചു. കേരളത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പതാകയെയാണ് കേരളീയം ഉയര്‍ത്തിയത്. 
 
കേരളീയം ധൂര്‍ത്താണ്, ഇങ്ങനെ ഒരു പരിപാടി ഈ പ്രതിസന്ധി കാലത്ത് ആവശ്യമുണ്ടോ എന്ന് ചോദ്യങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാടിന്‍റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനു വേണ്ടിവരുന്ന ചെലവിനേയും ധൂര്‍ത്തായി സര്‍ക്കാര്‍ കരുതുന്നില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിന്‍റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിന്‍റെ ആദ്യപതിപ്പ് പകര്‍ന്ന ഊര്‍ജം. ഭരണ നിര്‍വ്വഹണത്തിലെ പുതിയ അധ്യായമാണ് ഈ മാസം പതിനെട്ടിന് ആരംഭിക്കുന്ന നവകേരള സദസ്സ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. മെച്ചപ്പെട്ട ഭരണ നിര്‍വ്വഹണം അതിന്‍റെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും  പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ്  'കരുതലും കൈത്താങ്ങും' എന്ന പേരില്‍ ഈ വര്‍ഷം  ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തുകള്‍.  മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന  അദാലത്തുകള്‍ വലിയ വിജയമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത്  അവലോകനം നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങള്‍ നടന്നു. 
 
അതിദാരിദ്ര്യം, വിവിധ മിഷനുകള്‍, , പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങള്‍ എന്നിങ്ങനെ അഞ്ചു വിഷയങ്ങള്‍ ഓരോ അവലോകന യോഗവും വിശദമായി പരിശോധിച്ചു. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍ എന്നിവയാണു  ചര്‍ച്ച ചെയ്തു തീരുമാനത്തിലേക്ക് പോയത്. ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്സ്.  ജനാധിപത്യം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും സമ്പുഷ്ടമാക്കാനും ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ദൃഢപ്പെടുത്താനുമുള്ള വലിയൊരു യജ്ഞമാണ് നവംബര്‍ പതിനെട്ടിന് ആരംഭിക്കുന്നത്. മന്ത്രിസഭ ഒന്നാകെ 140  മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിസംബര്‍ 24 നു തിരുവന്തപുരത്താണ് സമാപിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios