Asianet News MalayalamAsianet News Malayalam

'188 പേരുടെ സമ്പര്‍ക്ക പട്ടിക, ഉറവിടം കണ്ടെത്താൽ ഊർജിത ശ്രമം', നിപ പ്രതിരോധം ശക്തമാക്കിയതായി മുഖ്യമന്ത്രി

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി.

cm pinarayi vijayan over nipah virus infection kerala
Author
Kerala, First Published Sep 5, 2021, 8:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള  പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് കമ്മിറ്റികളുടെ ദൗത്യം.

നിപ ഉറവിടം അവ്യക്തം; കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളിൽ, റൂട്ട് മാപ്പ് പുറത്ത്, അമ്മയ്ക്കും രോഗലക്ഷണം

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

നിപ: കേന്ദ്രസംഘം കോഴിക്കോട്, പന്ത്രണ്ടുകാരൻ റംബൂട്ടാൻ കഴിച്ചെന്ന് കരുതുന്നയിടം സന്ദർശിച്ചു, സാമ്പിൾ ശേഖരിച്ചു

നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
 മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ്  ദിവസത്തിനുള്ളില്‍ എത്തിക്കും.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios