തിരുവനന്തപുരം: സംവിധായകൻ ഷാനവാസ്​ നരണിപ്പുഴയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാവി വാഗ്ദാനമായിരുന്ന ചലച്ചിത്രകാരനെയാണ് മലയാള സിനിമക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സിനിമയുടെ കഥയെഴുതുന്നതിനായി അട്ടപ്പാടിയിലായിരുന്ന ഷാനവാസ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.

അബോധാവസ്ഥയിൽ കിടന്ന ഷാനവാസിനെ അട്ടപ്പാടിയിൽ നിന്ന് ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവിടെ നിന്നും റോഡ് മാർഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വഴിമധ്യേ വീണ്ടും ഹൃദയാഘാതം സംഭവിച്ചു. രാത്രി 10.21 ന് മരണം സംഭവിച്ചു. മൃതദേഹം സ്വദേശമായ നരണിപ്പുഴയിലേക്ക് കൊണ്ടുപോകും. നരണിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ഖബറടക്കും.