മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പിന്നിലുണ്ടായിരുന്ന ആംബുലൻസും രണ്ട് വാഹനങ്ങളുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കണ്ണൂർ: പയ്യന്നൂരിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിൽ അപകടം. പെരുമ്പ പാലം കയറുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വാഹനത്തിനും കമാൻഡോ വാഹനങ്ങൾക്കും പിന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് ബ്രേക്കിട്ടത്താണ് അപകടത്തിന് കാരണം.
ബ്രേക്കിട്ട പൊലീസ് ജീപ്പിച്ച തൊട്ടു പിന്നാലെവന്ന ആംബുലൻസും മറ്റ് രണ്ട് ജീപ്പുകളും കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിന് ചെറിയ കേടുപാട് പറ്റിയതല്ലാതെ ആളുകൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷണന്റെയും വാഹനങ്ങളും കമാന്റോ വാഹനങ്ങളും പാലം കടന്നുപോയ ശേഷമായിരുന്നു ഈ അപകടം.
ആംബുലൻസ് ഡ്രൈവറുടെ പരിചയക്കുറവാണ് ഇങ്ങനെയൊരു കൂട്ടിയിടി ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മറ്റ് സുരക്ഷാ വീഴ്ചകൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. കാസർകോട്ടെ സിപിഎം ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരേക്ക് മടങ്ങുമ്പോഴാണ് വാഹന വ്യൂഹത്തിൽ അപകടം ഉണ്ടായത്.
