കേരളത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ചടയൻ ഗോവിന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ 27-ാം ഓർമ്മദിനത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

തിരുവനന്തപുരം: എക്കാലവും കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ട വ്യക്തിയാണ് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചടയൻ ഗോവിന്ദന്റെ 27-ാം ഓർമ്മദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാർക്കശ്യത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർടിക്ക്‌ എന്നും കരുത്തായെന്നും പിണറായി വിജയൻ ഓ‍ർമിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണ രൂപം:

സഖാവ് ചടയൻ ഗോവിന്ദന്റെ ഓർമ്മദിനമാണിന്ന്. സഖാവ് ചടയൻ വിടവാങ്ങിയിട്ട് 27 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും മികവുറ്റ സംഘാടകനും അടിമുടി സാധാരണക്കാരനുമായ സഖാവ് എക്കാലവും കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ കാർക്കശ്യത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർടിക്ക്‌ എന്നും കരുത്തായി.

1996 മെയ് മുതൽ മരണംവരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച സഖാവ് കേരളത്തിലാകെ പാർടി സംവിധാനം സുശക്തമാക്കുന്നതിനായി വലിയ പങ്കാണ് വഹിച്ചത്. എല്ലാ ഘട്ടങ്ങളിലും പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾക്കെതിരെ കൃത്യമായ നിലപാടെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അസാമാന്യമായ സംഘാടകമികവും പ്രത്യയശാസ്ത്ര ദൃഢതയും ഒത്തിണങ്ങിയ ചടയൻ, മാര്‍ക്‌സിസം - ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസവും തൊഴിലാളി വർഗ്ഗത്തോടുള്ള കൂറും എന്നും ഉയർത്തിപ്പിടിച്ച ജനനേതാവാണ്.

സഖാവ് ചടയനൊപ്പം പതിറ്റാണ്ടുകളാണ് ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ നേതൃശേഷിയും അണുവിട തെറ്റാത്ത സംഘടനാ ബോധവും വളരെ അടുത്തുനിന്നും അനുഭവിച്ചറിയാനായി. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ആത്‌മധൈര്യം കൈവിടാതെ പാർടിയെ നയിച്ച ചടയൻ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കായി സ്വജീവിതം തന്നെ സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സഖാവ് ചടയന്റെ മരിക്കാത്ത ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.