വർക്കല, പൊന്മുടി പൊലീസ് സ്റ്റേഷനുകളുടെയും കൊട്ടാരക്കരയിൽ സ്ഥാപിച്ച കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും 12 കോടിയലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന പരാതി പരസ്യമായി ഉന്നയിച്ച ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവി ജി ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാവും. അതൊക്കെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പൊതുവിൽ ചർച്ച ചെയ്യാനല്ല ശ്രമിക്കേണ്ടെതെന്ന് മുഖ്യമന്ത്രി പറഞ്ഞു..

വർക്കല, പൊന്മുടി പൊലീസ് സ്റ്റേഷനുകളുടെയും കൊട്ടാരക്കരയിൽ സ്ഥാപിച്ച കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാബിറ്റാറ്റ് കൂടി ഈ സംരംഭത്തിൽ ഭാഗമായത് കൊണ്ടാണ് ഇവിടെ വച്ച് ഇക്കാര്യം പറയുന്നത്. ശങ്കറിനോട് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണ് പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സർക്കാറിനായി നിരവധി കെട്ടിടങ്ങൾ പണിതതിന്റെ പണം ചുവപ്പു നാടയിൽ കുടുങ്ങിയെന്നാണ് ഫെയ്സ്ബുക് വീഡിയോയിൽ ജി ശങ്കർ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം പൂര്‍ണമായി നല്‍കിയിട്ടില്ല. ഓരോ ഫയലിലും ഓരോ ജീവതമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. നാലര വർഷം മുൻപ് പള്ളിക്കത്തോട്ടില്‍ കെആര്‍ നാരായണന്‍റെ പേരില്‍ പൂര്‍ത്തിയാക്കിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മ്മാണച്ചെലവില്‍ കോടികളുടെ കുടിശ്ശിക ബാക്കിയാണ്. കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി,എന്നിവക്കായി നിര്‍മ്മിച്ച് കെട്ടിടങ്ങള്‍,അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി നര്‍മ്മിച്ച കോളേജ് കെട്ടിടം എന്നിവയിലെല്ലാം കിട്ടാനുള്ളത് കോടികളാണ്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തിക്കാണ് ഈ ദുരനുഭവമെന്ന് ശങ്കര്‍ ഓര്‍മ്മപ്പെടുത്തുന്നു.

സിവില്‍ സര്‍വ്വീസിലുള്ള ചുരുക്കം ചിലരാണ് വഴിമുടക്കുന്നതെന്നും ശങ്കർ ആരോപിച്ചിരുന്നു. ഓണക്കാലത്ത് സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ കഴിയില്ലെന്നാലോചിക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടുകയാണെന്നും ഭരണ നേതൃത്വം അടിയന്തര നടപടി സ്വകീരിക്കണമെന്നും ശങ്കര്‍ ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് ഭവന പദ്ധതി 13 കോടിയില്‍ തയ്യാറാക്കാന്‍ ഹാബിറ്റാറ്റ് തയ്യാറായിരുന്നു. ഇതാണ് റെഡ്ക്രസന്‍റ് വഴി, 20 കോടി രൂപക്ക് ഇപ്പോൾ നിർമ്മിക്കുന്നത്. സ്വപ്ന സുരേഷ് ഒരു കോടി കമ്മീഷന്‍ വാങ്ങിയത് ഈ പദ്ധതിക്കാണ്. തട്ടിപ്പുകാര്‍ കോടികള്‍ മറിക്കുമ്പോഴാണ് നേരായ മാര്‍ഗ്ഗത്തില്‍ സര്‍ക്കാരിനുവേണ്ടി നര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ വ്യക്തി, പണത്തിനായി വര്‍ഷങ്ങളോളം ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.