പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ 12 വർഷത്തിനിടെ രാഹുൽ ഗാന്ധി 129 വാർത്താ സമ്മേളനങ്ങൾ നടത്തിയപ്പോൾ മോദി ഒന്നുപോലും നടത്തിയില്ലെന്ന് കോൺഗ്രസ് കണക്കുകൾ നിരത്തി. നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്
നോർവീജിയൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാത്തതിനെ ചൊല്ലിയുളള വിവാദം കടുക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിച്ചെന്ന് ചൂണ്ടിക്കാട്ടി നൊർവീജിയൻ മാധ്യമപ്രവർത്തക വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. വിവരമില്ലാത്ത ചില എൻ ജി ഒകൾ ഇന്ത്യയ്ക്കെതിരെ കള്ളകഥ പരത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. രാഹുൽ ഗാന്ധി കഴിഞ്ഞ 12 കൊല്ലത്തിനിടെ നടത്തിയ വാർത്താ സമ്മേളനങ്ങളുടെ പട്ടികയുമായെത്തിയ കോൺഗ്രസ് വിവാദം ആയുധമാക്കുകയാണ്. രാഹുൽ ഇക്കഴിഞ്ഞ പന്ത്രണ്ട് കൊല്ലത്തിനിടെ 129 വാർത്താ സമ്മേളനം നടത്തിയപ്പോൾ മോദി ഒന്നു പോലും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

വിശദ വിവരങ്ങൾ ഇങ്ങനെ
നോർവെ പ്രധാനമന്ത്രി ജോനാർ ഗാർറ്റോറുമായുള്ള ചർച്ചയ്ക്കു ശേഷം പ്രസ്താവന വായിച്ച് മടങ്ങവേയാണ് നരേന്ദ്ര മോദിയോട് ചോദ്യം ഉയർന്നത്. മാധ്യമസ്വാതന്ത്ര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള നോർവെയിൽ എന്തു കൊണ്ട് ചോദ്യം നേരിടാൻ തയ്യാറാകുന്നില്ല എന്നാണ് ഹെല്ലി യങ് എന്ന മാധ്യമ പ്രവർത്തക ചോദിച്ചത്. ഈ ചോദ്യം ഗൗനിക്കാതെ മോദി നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ രാഹുൽ ഗാന്ധിയും ആയുധമാക്കി. ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിന് ഭയം എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ ഇതിടിക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി പന്ത്രണ്ട് കൊല്ലത്തിൽ 129 വാർത്താസമ്മേളനം നടത്തിയപ്പോൾ മോദി ഒന്നു പോലും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പട്ടികയും കോൺഗ്രസ് മാധ്യമങ്ങൾക്ക് നൽകി. തന്‍റെ ട്വീറ്റ്, റീട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിയോട് മാധ്യമ പ്രവർത്തക ഫോൺ വഴി ഇന്‍റർവ്യൂ എടുക്കട്ടെ എന്ന് ചോദിച്ചതും കൗതുകമായി. വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തക വിഷയത്തിൽ ഊന്നിയുള്ള ചോദ്യം ഉന്നയിച്ചതും തർക്കത്തിന് ഇടയാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി വെസ്റ്റ്, സിബി ജോർജ് ശക്തമായി തിരിച്ചടിച്ചു. മാധ്യമസ്വാതന്ത്ര്യ ഇൻഡക്സ് തയ്യാറാക്കുന്നത് അറിവില്ലാത്ത ചില സന്നദ്ധ സംഘടനകൾ ആണെന്നും നൂറ് കണക്കിന് സ്വതന്ത്ര മാധ്യമങ്ങൾ ഇന്ത്യയിലുണ്ടെന്നും സിബി ജോർജ് പറഞ്ഞു. വോട്ടു ചെയ്ത് സർക്കാരിനെ മാറ്റാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും ഇന്ത്യ സഹിഷ്ണുതയുടെ നാടാണെന്നും സിബി ജോർജ് വാദിച്ചു. വാക്കുതർക്കത്തെ തുടർന്ന് ഇറങ്ങി പോയ നൊർവീജിയൻ മാധ്യമപ്രവർത്തക പിന്നീട് തിരിച്ചെത്തി. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് എന്ന സംഘടന തയ്യാറാക്കിയ സൂചികയിലാണ് ഇന്ത്യക്ക് മാധ്യമ സ്വാതന്ത്ര്യത്തിൽ 157 -ാം സ്ഥാനവും നോർവേയ്ക്ക് ഒന്നാം റാങ്കും നൽകുന്നത്. ഇന്ത്യയില മനുഷ്യവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി, മോദിയുടെ സന്ദർശനത്തിനിടെ പറഞ്ഞതും വിവാദമായിരുന്നു. നരേന്ദ്ര മോദിക്ക് ഇന്നലെ നോർവേയും അതിനു മുമ്പ് സ്വീഡനും പരമോന്നത പുരസ്ക്കാരങ്ങൾ സമ്മാനിച്ച് ആദരിച്ചത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി വിവാദം തള്ളികളയുന്നത്.
